തല ചായ്ക്കാന്‍
ഒരിലയുടെ തണല്‍ തേടി
അലഞ്ഞ് തളര്‍ന്ന
വെയില്‍ ഓര്‍ത്തു,
ഇവിടെ ഒരു കാടുണ്ടായിരുന്നു
പരുപരുത്ത ഉടലുകള്‍
തമ്മിലുരസി
മുറിഞ്ഞു നീറുമ്പോള്‍
പണ്ട് ഇക്കിളി കൊള്ളിച്ച
നീര്‍കൈകളെ ഓര്‍ത്തുകൊണ്ട്
ചെറുകല്ലുകള്‍ പറഞ്ഞു,
ഇതിലെ
ഒരു പുഴ ഒഴുകിയിരുന്നു
നീരറ്റ് ഉണങ്ങിത്തരിച്ച
കൊമ്പ് കൊണ്ട്
നോവുന്ന കാലടികള്‍
പൂമ്പൊടിയുടെ മദസ്പര്‍ശം
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍
പൂമ്പാറ്റ മൊഴിഞ്ഞു,
ഈ
മരത്തിലും പൂക്കള്‍ വിരിഞ്ഞിരുന്നു
തലോടി കുളിര്‍പ്പിക്കാന്‍
സ്വയം കുളിരണിയാന്‍
ജീവനുള്ള ഒരു നാമ്പ് തേടി
കാറ്റ് നാലുപാടും ചിതറി വീശവേ
ഒരശരീരി കേട്ടു
ഇവിടെ
മനുഷ്യന്‍ ജീവിച്ചിരുന്നു.
പര്‍വ്വതം പറഞ്ഞു:
കാറ്റിനെ തടുത്ത്
നീര്‍വാഹിയായ മേഘങ്ങളെ
തടുത്ത്
താഴ്‌വരയില്‍ മഴപെയ്യിക്കുന്നത്
ഞാനാണ്
ഞാനില്ലെങ്കില്‍
ഇവിടം
മരുപ്പറമ്പാകും
മനുഷ്യനും സര്‍വ്വ ജീവജാലങ്ങള്‍ക്കും
സര്‍വ്വനാശം സംഭവിക്കും
നീര്‍ത്തടങ്ങള്‍ പറഞ്ഞു:
നീ പെയ്യിക്കുന്ന മഴവെള്ളം
നേരെ ഒലിച്ച് കടലില്‍ പോകാതെ
തടഞ്ഞ് നിര്‍ത്തി
മണ്ണിണ്റ്റെ ഉള്‍ത്തടങ്ങളിലിറക്കി
കനിവിണ്റ്റെ ഉറവാക്കുന്നത്
ഞാനാണ്
നീ എത്ര പെയ്താലും
ഞാനില്ലെങ്കില്‍
ഇവിടം മരുഭൂമി തന്നെ
അപ്പോള്‍
ചെറിയ
മനുഷ്യന്‍ വന്നു
അവന്‍ വന്നത്
നീണ്ട കോമ്പല്ലും
കൂര്‍ത്ത നഖങ്ങളുമുള്ള
ഭീമാകാരനായ
യന്ത്ര മൃഗത്തിണ്റ്റെ പുറത്തേറിയാണ്
വളരെ പെട്ടെന്ന്
പര്‍വ്വതം നിന്നയിടം
നിരപ്പായി
നീര്‍ത്തടങ്ങള്‍
മണ്ണട്ടികള്‍ വീണ് തൂര്‍ന്നു
കനിവിണ്റ്റെ ഉറവകള്‍
ശ്വാസം മുട്ടി മരിച്ചു
യന്ത്രമൃഗത്തിണ്റ്റെ പുറത്തേറി നിന്ന
ചെറിയ മനുഷ്യന്‍
കണ്ണ്
കൊണ്ട്
ഒരു ചോദ്യമെറിഞ്ഞു
അനന്തരം
സ്വയം ഒരു ചോദ്യമായി
മാനം മുട്ടെ ഉയര്‍ന്നു