Wednesday, February 25, 2009

വേലികള്‍ പറയാത്തത്‌.


ഒരു തുണ്ട്‌ ഭൂമി വാങ്ങിയെങ്കിലും
അത്‌ സ്വന്തമായത്‌ വേലി കെട്ടി തിരിച്ചപ്പോഴാണ്‌,
മണ്ണിനിണങ്ങിയ
മുളങ്കാലുകളും ഇല്ലിമുള്ളും ചേര്‍ത്ത്‌.

എന്നാല്‍ ബിരിയാണിമണവും സുറുമക്കണ്‍നോട്ടങ്ങളും
വേലിചാടിയെത്തി.
ചന്ദനമണവുംരാമജപവും
വേലികടന്നുപോയി.

വേലികള്‍ ഉയരുന്നത്‌ മണ്ണിലല്ലെന്നറിഞ്ഞപ്പോള്‍
അത്‌ പൊളിച്ചുകളഞ്ഞ്‌
ഞങ്ങള്‍ വിപ്ളവകാരികളായി.

ബിരിയാണിമണവും ചന്ദനഗന്ധവും
സുറുമക്കണ്‍നോട്ടങ്ങളും രാമജപവും
പോക്കുവരവ്‌ തുടര്‍ന്നുകൊണ്ടിരിക്കുന്നു,
പരസ്പരം ഇടകലര്‍ന്ന്‌ പോകാതിരിക്കാന്‍
ശ്രദ്ധിച്ച്‌, ശ്രദ്ധിച്ച്‌.....

6 comments:

Vinodkumar Thallasseri said...

വേലികള്‍ നമുക്ക്‌ പൊളിച്ചുകളയാം. മണ്ണില്‍നിന്നും മനസ്സില്‍നിന്നും, പക്ഷേ...

lulu said...

പക്ഷെ.......
അവ വന്മതിലുകളാകാതിരുന്നാല്‍ മതി....

പകല്‍കിനാവന്‍ | daYdreaMer said...

എത്ര വേലികള്‍ പുറമേ പൊളിച്ചാലും ഉള്ളില്‍ എന്നും നിഴലുകള്‍ പോലെ അതിര്‍ത്തികള്‍ മനുഷ്യനെ പിന്തുടരുന്നു... നല്ല കവിത ആശംസകള്‍...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇന്ന് വിപ്ളവം വേലി പൊളിക്കുന്നതിലോ അതോ പുതിയ വേലികള്‍ നവീനരീതിയില്‍ കെട്ടി ഉയര്‍ത്തുന്നതിലോ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അതിരുകളും വേലികളും ഇല്ലാതിരിക്കട്ടെ, ലോകത്തിലും മനസ്സിലും.

Anonymous said...

നല്ല വേലികള്‍ നമുക്ക് നല്ലൊരു കാവലായിട്ടുണ്ട്