Wednesday, December 4, 2013

വേണ്ടാതായത്‌

മുറത്തില്‍ ചേറി 
കല്ലും ചത്തയും 
പെറുക്കിക്കളഞ്ഞുകൊണ്ട്‌ 
മുത്തശ്ശി 
പഴഞ്ചൊല്ല്‌ പറഞ്ഞു 

ചൂലെടുത്ത്‌ 
മാറാലയും പൊടിയും 
തൂത്ത്‌ കളയുമ്പോള്‍ 
ചേട്ട കയറാതിരിക്കാന്‍ 
പ്രാക്ക്‌ കൊണ്ടൊരു വേലി കെട്ടി 

കല്ലും ചത്തയുമില്ലാതെ 
പോളീഷ്‌ ചെയ്ത അരിയാണിപ്പോള്‍ 
മിനുമിനുപ്പുള്ള തറയും 
മാറാല കെട്ടാത്ത ചുമരുകളും 

അടുക്കളപ്പുറത്തെങ്ങോ 
ആരും കാണാതെ കിടപ്പുണ്ട്‌ 
പൊട്ടിപ്പൊളിഞ്ഞ മുറവും
കെട്ടഴിഞ്ഞ ചൂലും

Friday, November 15, 2013

അപായം

നീങ്ങിത്തുടങ്ങിയിരുന്ന തീവണ്ടി
പെട്ടെന്ന്‌ നിന്നു
ആരോ അപായചങ്ങല വലിച്ചെന്ന്‌ തോന്നുന്നു
ആര്‍ക്കോ വണ്ടി തട്ടിയതായിരിക്കാം

തീവണ്ടി മുന്നോട്ട്‌ പായവേ
പിന്നോട്ട്‌,
ഓര്‍മ്മയിലേയ്ക്ക്‌,
വിസ്മൃതിയിലേക്ക്‌
ഒരു നിശ്ചയം
 ഊളിയിട്ടതായിരിക്കുമോ
അതോ
മുന്നോട്ടുള്ള യാത്രയില്‍
ഇനി നീ വേണ്ടെന്ന ചിന്തയാകുമോ
 ഒരു തള്ളലായ്‌ താഴെ വീണത്‌

മരുന്നിണ്റ്റെ കുറിപ്പടിയുമായി
ആസ്പത്രിയില്‍ നിന്ന്‌
 വൃദ്ധസദനത്തിലേക്കുള്ള യാത്രയില്‍
തീവണ്ടി വരുന്നത്‌ കാണാതെ
നിര്‍ത്താതെയുള്ള ഹോണടി കേള്‍ക്കാതെ
ഒരാള്‍

മനസ്സില്‍ കെട്ടിയ കൊട്ടാരം
മണ്ണില്‍ ഉയര്‍ത്താനാവാതെ
തളര്‍ന്ന മുഖത്തോടെ
കുനിഞ്ഞ ശിരസ്സോടെ
ഒരു മദ്ധ്യവയസ്കന്‍

മഴവില്ലിനെ എത്തിപ്പിടിക്കാനാഞ്ഞപ്പോള്‍
അടിതെറ്റിയ യുവാവ്‌

മാറത്തടുക്കി പിടിച്ച പുസ്തകത്താളില്‍
പെറാത്ത മയില്‍പീലി* സൂക്ഷിച്ച
പെണ്‍കുട്ടി

തുറന്നുതന്നെയിരിക്കുന്ന കണ്ണുകളില്‍
രണ്ട്‌ കോമ്പല്ലുകളുടെ
നിശ്ചല പ്രതിഫലനവുമായി
ഒരു യുവതി

ആരായിരിക്കും?

നിര്‍ത്തിയ തീവണ്ടി നീങ്ങിത്തുടങ്ങി.

******

* എ. അയ്യപ്പന്‌ സ്തുതി

Saturday, October 5, 2013

ശുഭരാത്രി

അന്നവര്‍ ആക്രമിച്ചത്‌
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടമായിരുന്നു
തുരുതുരെ വെടിയുതിര്‍ത്തുകൊണ്ട്‌ നീങ്ങവെ
മുന്നില്‍ വന്ന ഒരു കുട്ടിയുടെ ചോര തെറിച്ച്‌
 അയാളുടെ യൂനിഫോം നനഞ്ഞു

തിരിച്ചെത്തിയപ്പോള്‍ അയാള്‍ ക്ഷീണിതനായിരുന്നു
പക്ഷേ അന്നത്തെ ദൌത്യത്തിണ്റ്റെ വിജയത്തില്‍
അയാള്‍ക്ക്‌ സംതൃപ്തി തോന്നി

ഉറങ്ങുന്നതിന്‌ മുമ്പായി
പതിവ്‌ പോലെ
പഴ്സിലുള്ള മകണ്റ്റെ ചിത്രത്തില്‍
ഉമ്മ വെക്കാനൊരുങ്ങി
പക്ഷേ
ചിത്രം ചോരയില്‍ കുതിര്‍ന്നു പോയിരുന്നു
പതിവ്‌ തെറ്റിച്ചതില്‍
മനസ്സാ ക്ഷമചോദിച്ചുകൊണ്ട്‌
അവന്‌ ശുഭരാത്രി നേര്‍ന്നപ്പോള്‍
അയാള്‍ക്ക്‌ ആശ്വാസം തോന്നി
പിന്നീട്‌ ശാന്തനായി ഉറങ്ങി

Saturday, February 16, 2013

ഉച്ചഭാഷിണി

തെങ്ങിലും കവുങ്ങിലും 
നാട്ടിയ മുളങ്കാലിലും ഉയര്‍ന്നു നിന്ന്‌ 
തൊണ്ട തുറന്ന്‌ 

വിക്കിനെ വിലക്കി 
വാക്കിനെ പൊലിപ്പിച്ച്‌ 
മൊഴിയില്ലാത്തവരുടെ മൊഴിയായ്‌ 
 സ്വാതന്ത്യ്രത്തിണ്റ്റെ രണഭേരിയായ്‌ 
നാവില്ലാത്ത പ്രണയത്തിന്‌ നാവ്‌ കൊടുത്ത്‌ 
 വാതിലിന്‍ പിറകിലെ നിശ്വാസത്തിനും ഈണം കൊടുത്ത്‌ 

പറമ്പിലും പാടത്തും പാതയോരത്തിലും 
വെളിച്ചം കയറാത്ത കുണ്ടനിടവഴികളിലും 
പഴമയുടെ മണം നിറയും ഇടനാഴികളിലും 
കാതുകളെ തേടി ചെന്നിരുന്ന എന്നെ 

പിടിച്ചുകെട്ടി പെട്ടിയിലടച്ച്‌ 
അലറുന്ന തൊണ്ടയെ മൃദുവാക്കി 
കനവും മുഴക്കവും ക്രമീകരിച്ച്‌ 
അകലവും പരിധിയും നിശ്ചയിച്ച്‌
തേടിവരുന്ന കാതുകള്‍ക്ക്‌ മാത്രമായ്‌. 

പ്രകമ്പനം കൊള്ളുന്നുണ്ട്‌ 
ശബ്ദം ഉള്ളില്‍ 
 വിങ്ങിനില്‍പുണ്ട്‌ 
വിളിച്ചുപറയാനാവാത്ത സത്യങ്ങള്‍ 
വയറ്റത്തടിച്ച്‌ പാടുവാനുണ്ട്‌
വിശപ്പിണ്റ്റെ ഈണം. 

ഉള്ളിലുള്ള ഭൂകമ്പം 
തുറന്ന്‌ വിടാനാകാതെ
ഒന്ന്‌ പൊട്ടിത്തെറിയ്ക്കാന്‍ പോലുമാകാതെ. 

Wednesday, January 16, 2013

ബസ്സ്‌ വരച്ച ഭൂപടം

ബസ്സ്‌ വരച്ച ഭൂപടം 
നിരാശയുടെ നടുക്കടലില്‍ 
പ്രത്യാശയുടെ തോണിയാത്ര കണ്ടുവന്ന 
ഒരു പെണ്‍കുട്ടി 
ബസ്സില്‍ കയറുകയാണ്‌ 
മെരുങ്ങിയ ഒരു കടുവ 
അവളുടെ സ്വപ്നത്തില്‍ തലചായ്ച്ചുറങ്ങി 

ഹൈനകളുടെ ചിരികണ്ടപ്പോഴും 
കടുവ അവളുടെ മനസ്സില്‍;
ഉറക്കമാണെങ്കിലും. 

ബസ്സ്‌ നിറയെ 
ഉദ്ധരിച്ച ലിംഗങ്ങളെന്ന്‌ 
അറിഞ്ഞപ്പോള്‍ വൈകിയിരുന്നു 
നടുക്കടലിലെ തോണിയാത്രയല്ല 
ദില്ലി നിരത്തിലെ ബസ്സോട്ടമെന്നും 

നിര്‍ത്താതെ ഓടിയ ബസ്സ്‌ 
ഒരു ഭൂപടം വരച്ചുതീര്‍ത്തത്‌ 
ഓരോ പെണ്‍കുട്ടിയും അറിഞ്ഞു 
മാന്തിപ്പൊളിച്ച നിലവിളിയില്‍ 
 തങ്ങളുടെ ശബ്ദം കേട്ടതും 

അനന്തരം 

കശക്കിയെറിഞ്ഞ പൂവ്‌ 
പരത്താന്‍ തുടങ്ങിയ സൌരഭം 
 ഉള്ളില്‍ നിറഞ്ഞു 
വലിച്ച്‌ പറിച്ചെടുത്ത ഗര്‍ഭപാത്രത്തില്‍ 
ഒരു ഭ്രൂണം വളരുന്നത്‌ നമ്മള്‍ അറിഞ്ഞു 
ഒഴുകിപ്പരന്ന ചോര
ഭൂപടം മാറ്റിവരയ്ക്കുന്നതും.