തല ചായ്ക്കാന്‍
ഒരിലയുടെ തണല്‍ തേടി
അലഞ്ഞ് തളര്‍ന്ന
വെയില് ഓര്‍ത്തു,
ഇവിടെ ഒരു കാടുണ്ടായിരുന്നു
പരുപരുത്ത ഉടലുകള്‍
തമ്മിലുരസി
മുറിഞ്ഞു നീറുമ്പോള്‍
പണ്ട് ഇക്കിളി കൊള്ളിച്ച
നീര്‍കൈകളെ ഓര്‍ത്തുകൊണ്ട്
ചെറുകല്ലുകള്‍ പറഞ്ഞു,
ഇതിലെ ഒരു പുഴ ഒഴുകിയിരുന്നു
നീരറ്റ് ഉണങ്ങിത്തരിച്ച
കൊമ്പ് കൊണ്ട്
നോവുന്ന കാലടികള്‍
പൂമ്പൊടിയുടെ മദസ്പര്‍ശം
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍
പൂമ്പാറ്റ മൊഴിഞ്ഞു,
ഈ മരത്തിലും പൂക്കള്‍ വിരിഞ്ഞിരുന്നു
തലോടി കുളിര്‍പ്പിക്കാന്‍
സ്വയം കുളിരണിയാന്‍
ജീവനുള്ള ഒരു നാമ്പ് തേടി
കാറ്റ് നാലുപാടും ചിതറി വീശവേ
ഒരശരീരി കേട്ടു
ഇവിടെ മനുഷ്യന് ജീവിച്ചിരുന്നു.
1 comment:
തലോടി കുളിര്‍പ്പിക്കാന്‍ സ്വയം കുളിരണിയാന്‍
ജീവനുള്ള ഒരു നാമ്പ് തേടി കാറ്റ് നാലുപാടും ചിതറി വീശവേ ഒരശരീരി കേട്ടു
ഇവിടെ മനുഷ്യന് ജീവിച്ചിരുന്നു...!
സൂപ്പർ വരികൾ...
Post a Comment