Sunday, January 11, 2015

ഉടലിണ്റ്റെ പ്രസ്താവനകള്‍


ഒരാളില്‍ നിന്ന്‌ 
മറ്റൊരാളിലേക്ക്‌ 
വീണ്ടും വേറൊരാളിലേക്ക്‌ 
കാറ്റിലൂടെ കാഴ്ചയിലൂടെ 
പകരുന്നുണ്ട്‌ 

വിരസതയുമായുള്ള സന്ധിസംഭാഷണം 
പരാജയപ്പെടുമ്പോള്‍ 
ലെക്ചറുകള്‍ 
പൊളിക്കാത്ത തേങ്ങ പോലെ 
തലയ്ക്കുള്ളില്‍ ഉരുളുമ്പോള്‍ 
അധികപ്രസംഗത്തിണ്റ്റെ വായ്നാറ്റം 
മുഖത്തടിക്കുമ്പോള്‍ 
അടിവയറ്റില്‍നിന്നുരുണ്ട്‌ കയറി 
ക്ഷമയുടെ 
അടച്ചുപൂട്ടിയ വായ്പൂട്ട്‌ തകര്‍ത്ത്‌ 
നാറുന്ന വായുവിണ്റ്റെ 
സ്വാതന്ത്യ്രപ്രഖ്യാപനം 

കോട്ടുവാ
ഒരു പ്രസ്താവനയാണ്‌ 

ഏമ്പക്കവും 
ഒരു പ്രസ്താവനയാണ്‌ 

കുത്തിനിറച്ച വയറില്‍ 
ഇടംകിട്ടാതെ ഞെരുങ്ങുന്ന 
വായുവിണ്റ്റെ പ്രതിഷേധം 

പത്തായം പെറ്റ്‌ 
ചക്കി കുത്തി 
നിറച്ചുണ്ട കാലത്തിണ്റ്റെ 
പുളിച്ചുതികട്ടല്‍ 

വീര്‍ത്ത കുമ്പയില്‍ തടവി 
ഒഴിഞ്ഞ വയറിണ്റ്റെ നേര്‍ക്ക്‌ 
ഒരാട്ട്‌ 

ഏമ്പക്കവും
ഒരു പ്രസ്താവനയാണ്‌.

Wednesday, July 9, 2014

നഷ്ടം


എനിക്ക്‌ കിട്ടിയ ആദ്യ പ്രണയസമ്മാനം 
തീപ്പെട്ടി കൂട്ടിലടച്ച 
പൂത്താങ്കീരി 
രാത്രി മുഴുവന്‍ 
അത്‌ ചിലച്ചുകൊണ്ടിരുന്നു 

കാലത്തെണീറ്റപ്പോള്‍ 
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്‌ മാത്രം 
പക്ഷേ 
ഉള്ളില്‍ പൂത്താങ്കീരി 
നിര്‍ത്താതെ ചിലച്ചു 

അന്ന്‌ ചിലച്ച പൂത്താങ്കീരി 
മൌനമായിട്ടും 
ഉള്ളില്‍ 
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്‌ സൂക്ഷിച്ചു 

പക്ഷേ 
എപ്പോഴാണ്‌ 
എവിടെയാണ്‌ 
ആ തീപ്പെട്ടിക്കൂട്‌
കളഞ്ഞുപോയത്‌...

Tuesday, March 18, 2014

അശരീരി














തല ചായ്ക്കാന്‍ 
ഒരിലയുടെ തണല്‍ തേടി 
അലഞ്ഞ്‌ തളര്‍ന്ന 
വെയില്‍ ഓര്‍ത്തു, 
ഇവിടെ ഒരു കാടുണ്ടായിരുന്നു 

പരുപരുത്ത ഉടലുകള്‍ 
തമ്മിലുരസി 
മുറിഞ്ഞു നീറുമ്പോള്‍ 
പണ്ട്‌ ഇക്കിളി കൊള്ളിച്ച 
നീര്‍കൈകളെ ഓര്‍ത്തുകൊണ്ട്‌ 
ചെറുകല്ലുകള്‍ പറഞ്ഞു, 
ഇതിലെ ഒരു പുഴ ഒഴുകിയിരുന്നു 

നീരറ്റ്‌ ഉണങ്ങിത്തരിച്ച 
കൊമ്പ്‌ കൊണ്ട്‌ 
നോവുന്ന കാലടികള്‍ 
പൂമ്പൊടിയുടെ മദസ്പര്‍ശം 
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 
പൂമ്പാറ്റ മൊഴിഞ്ഞു, 
ഈ മരത്തിലും പൂക്കള്‍ വിരിഞ്ഞിരുന്നു 

തലോടി കുളിര്‍പ്പിക്കാന്‍ 
സ്വയം കുളിരണിയാന്‍ 
ജീവനുള്ള ഒരു നാമ്പ്‌ തേടി 
കാറ്റ്‌ നാലുപാടും ചിതറി വീശവേ 
ഒരശരീരി കേട്ടു
ഇവിടെ മനുഷ്യന്‍ ജീവിച്ചിരുന്നു.

Wednesday, March 12, 2014

ഒരു മുത്തശ്ശിക്കഥ














പര്‍വ്വതം പറഞ്ഞു: 
കാറ്റിനെ തടുത്ത്‌ 
നീര്‍വാഹിയായ മേഘങ്ങളെ തടുത്ത്‌ 
താഴ്‌വരയില്‍ മഴപെയ്യിക്കുന്നത്‌ 
ഞാനാണ്‌ 
ഞാനില്ലെങ്കില്‍ 
ഇവിടം മരുപ്പറമ്പാകും 
മനുഷ്യനും സര്‍വ്വ ജീവജാലങ്ങള്‍ക്കും 
സര്‍വ്വനാശം സംഭവിക്കും 

നീര്‍ത്തടങ്ങള്‍ പറഞ്ഞു: 
നീ പെയ്യിക്കുന്ന മഴവെള്ളം 
നേരെ ഒലിച്ച്‌ കടലില്‍ പോകാതെ 
തടഞ്ഞ്‌ നിര്‍ത്തി 
മണ്ണിണ്റ്റെ ഉള്‍ത്തടങ്ങളിലിറക്കി 
കനിവിണ്റ്റെ ഉറവാക്കുന്നത്‌ 
ഞാനാണ്‌ 
നീ എത്ര പെയ്താലും 
ഞാനില്ലെങ്കില്‍ 
ഇവിടം മരുഭൂമി തന്നെ 

അപ്പോള്‍ 
ചെറിയ മനുഷ്യന്‍ വന്നു 
അവന്‍ വന്നത്‌ 
നീണ്ട കോമ്പല്ലും 
കൂര്‍ത്ത നഖങ്ങളുമുള്ള 
ഭീമാകാരനായ 
യന്ത്ര മൃഗത്തിണ്റ്റെ പുറത്തേറിയാണ്‌ 

വളരെ പെട്ടെന്ന്‌ 
പര്‍വ്വതം നിന്നയിടം നിരപ്പായി 
നീര്‍ത്തടങ്ങള്‍ 
മണ്ണട്ടികള്‍ വീണ്‌ തൂര്‍ന്നു 
കനിവിണ്റ്റെ ഉറവകള്‍ 
ശ്വാസം മുട്ടി മരിച്ചു 

യന്ത്രമൃഗത്തിണ്റ്റെ പുറത്തേറി നിന്ന 
ചെറിയ മനുഷ്യന്‍ 
കണ്ണ്‌ കൊണ്ട്‌ 
ഒരു ചോദ്യമെറിഞ്ഞു 
അനന്തരം 
സ്വയം ഒരു ചോദ്യമായി 
മാനം മുട്ടെ ഉയര്‍ന്നു

Monday, February 24, 2014

പരിണാമം

രണ്ട്‌ വാളുകള്‍ 
നിരന്തരം പോരിലായിരുന്നു 
പരസ്പരം വെട്ടി വെട്ടി 
രണ്ടിണ്റ്റേയും 
വാള്‍ത്തല ഒടിഞ്ഞു 

നാളുകള്‍ കഴിയവേ 
പോരടിച്ച്‌ മടുത്ത അവര്‍ക്ക്‌ 
തിരിച്ചറിവുണ്ടായി 
ഇത്രനാളും 
പരസ്പരം പോരടിച്ചതുകൊണ്ട്‌ 
എന്ത്‌ നേട്ടമുണ്ടായി? 
അവര്‍ സ്വയം ചോദിച്ചു 
പിന്നെ അന്യോന്യം ചോദിച്ചു 

പോര്‌ നിര്‍ത്തി 
അവര്‍ ഒന്നായി 
കൂടുതല്‍ തിളക്കമുള്ള 
കൂടുതല്‍ കനമുള്ള 
മുനയൊടിയാത്ത വാള്‍ത്തലയുള്ള 
ഒരു വാള്‌ 

അപ്പോഴാണ്‌ 
ദൂരെ 
പുതിയൊരു വാള്‍ത്തല ഉയരുന്നത്‌ 
അവന്‍ കണ്ടത്‌ 
വര്‍ദ്ധിതവീര്യത്തോടെ 
കൂടുതല്‍ ശക്തിയോടെ 
രാകിമിനുക്കിയ മൂര്‍ച്ചയോടെ 
പുതിയ ശത്രുവിണ്റ്റെ നേരെ 
അവന്‍ മുന്നോട്ട്‌ നീങ്ങി
പുതിയൊരു പോരിനായി.

Sunday, February 23, 2014

പരിണാമം


രണ്ട്‌ വാളുകള്‍ 
നിരന്തരം പോരിലായിരുന്നു 
പരസ്പരം വെട്ടി വെട്ടി 
രണ്ടിണ്റ്റേയും വാള്‍ത്തല ഒടിഞ്ഞു 

നാളുകള്‍ കഴിയവേ 
പോരടിച്ച്‌ മടുത്ത അവര്‍ക്ക്‌ 
തിരിച്ചറിവുണ്ടായി 
ഇത്രനാളും 
പരസ്പരം പോരടിച്ചതുകൊണ്ട്‌ 
എന്ത്‌ നേട്ടമുണ്ടായി? 
അവര്‍ സ്വയം ചോദിച്ചു 
പിന്നെ അന്യോന്യം ചോദിച്ചു 

പോര്‌ നിര്‍ത്തി 
അവര്‍ ഒന്നായി 
കൂടുതല്‍ തിളക്കമുള്ള 
കൂടുതല്‍ കനമുള്ള 
മുനയൊടിയാത്ത വാള്‍ത്തലയുള്ള 
ഒരു വാള്‌ 

അപ്പോഴാണ്‌ 
ദൂരെ 
പുതിയൊരു വാള്‍ത്തല ഉയരുന്നത്‌ 
അവന്‍ കണ്ടത്‌ 
വര്‍ദ്ധിതവീര്യത്തോടെ 
കൂടുതല്‍ ശക്തിയോടെ 
രാകിമിനുക്കിയ മൂര്‍ച്ചയോടെ 
പുതിയ ശത്രുവിണ്റ്റെ നേരെ 
അവന്‍ മുന്നോട്ട്‌ നീങ്ങി
പുതിയൊരു പോരിനായി.

Wednesday, February 12, 2014

കാഴ്ചക്കപ്പുറം


മുഖപടം മറയ്ക്കുന്നുണ്ട്‌ 
ഒരു മുഖം 
എന്നാല്‍ തെളിയുന്നുണ്ട്‌ 
ഒരു നൂറ്‌ കണ്ണുകളിലെ പിടപ്പ്‌ 
കവിളുകളിലെ തുടുപ്പ്‌ 
ചുണ്ടുകളിലെ ചോപ്പ്‌ 

തുറക്കാത്ത തിരശ്ശീലയ്ക്ക്‌ പിന്നില്‍ 
ഒന്നല്ല
പലതാണ്‌ നാടകം

വിളമ്പാവതല്ല 
അടഞ്ഞിരിക്കുന്ന പാത്രം 
നാവിലറിയിക്കുന്ന
രുചി തന്‍ മേളം

അടഞ്ഞുകിടക്കുന്ന 
ഓരോ വതിലിനപ്പുറത്തുമുണ്ട്‌ 
ഭാവനകളുടെ ഇണചേരല്‍ 

കാഴ്ചകളുടെ 
ആധിക്യം കൊണ്ടായിരിക്കുമോ 
അന്ധണ്റ്റെ കണ്ണുകള്‍ 
അടഞ്ഞുതന്നെയിരിക്കുന്നത്‌...

Wednesday, December 4, 2013

വേണ്ടാതായത്‌

മുറത്തില്‍ ചേറി 
കല്ലും ചത്തയും 
പെറുക്കിക്കളഞ്ഞുകൊണ്ട്‌ 
മുത്തശ്ശി 
പഴഞ്ചൊല്ല്‌ പറഞ്ഞു 

ചൂലെടുത്ത്‌ 
മാറാലയും പൊടിയും 
തൂത്ത്‌ കളയുമ്പോള്‍ 
ചേട്ട കയറാതിരിക്കാന്‍ 
പ്രാക്ക്‌ കൊണ്ടൊരു വേലി കെട്ടി 

കല്ലും ചത്തയുമില്ലാതെ 
പോളീഷ്‌ ചെയ്ത അരിയാണിപ്പോള്‍ 
മിനുമിനുപ്പുള്ള തറയും 
മാറാല കെട്ടാത്ത ചുമരുകളും 

അടുക്കളപ്പുറത്തെങ്ങോ 
ആരും കാണാതെ കിടപ്പുണ്ട്‌ 
പൊട്ടിപ്പൊളിഞ്ഞ മുറവും
കെട്ടഴിഞ്ഞ ചൂലും

Friday, November 15, 2013

അപായം

നീങ്ങിത്തുടങ്ങിയിരുന്ന തീവണ്ടി
പെട്ടെന്ന്‌ നിന്നു
ആരോ അപായചങ്ങല വലിച്ചെന്ന്‌ തോന്നുന്നു
ആര്‍ക്കോ വണ്ടി തട്ടിയതായിരിക്കാം

തീവണ്ടി മുന്നോട്ട്‌ പായവേ
പിന്നോട്ട്‌,
ഓര്‍മ്മയിലേയ്ക്ക്‌,
വിസ്മൃതിയിലേക്ക്‌
ഒരു നിശ്ചയം
 ഊളിയിട്ടതായിരിക്കുമോ
അതോ
മുന്നോട്ടുള്ള യാത്രയില്‍
ഇനി നീ വേണ്ടെന്ന ചിന്തയാകുമോ
 ഒരു തള്ളലായ്‌ താഴെ വീണത്‌

മരുന്നിണ്റ്റെ കുറിപ്പടിയുമായി
ആസ്പത്രിയില്‍ നിന്ന്‌
 വൃദ്ധസദനത്തിലേക്കുള്ള യാത്രയില്‍
തീവണ്ടി വരുന്നത്‌ കാണാതെ
നിര്‍ത്താതെയുള്ള ഹോണടി കേള്‍ക്കാതെ
ഒരാള്‍

മനസ്സില്‍ കെട്ടിയ കൊട്ടാരം
മണ്ണില്‍ ഉയര്‍ത്താനാവാതെ
തളര്‍ന്ന മുഖത്തോടെ
കുനിഞ്ഞ ശിരസ്സോടെ
ഒരു മദ്ധ്യവയസ്കന്‍

മഴവില്ലിനെ എത്തിപ്പിടിക്കാനാഞ്ഞപ്പോള്‍
അടിതെറ്റിയ യുവാവ്‌

മാറത്തടുക്കി പിടിച്ച പുസ്തകത്താളില്‍
പെറാത്ത മയില്‍പീലി* സൂക്ഷിച്ച
പെണ്‍കുട്ടി

തുറന്നുതന്നെയിരിക്കുന്ന കണ്ണുകളില്‍
രണ്ട്‌ കോമ്പല്ലുകളുടെ
നിശ്ചല പ്രതിഫലനവുമായി
ഒരു യുവതി

ആരായിരിക്കും?

നിര്‍ത്തിയ തീവണ്ടി നീങ്ങിത്തുടങ്ങി.

******

* എ. അയ്യപ്പന്‌ സ്തുതി

Saturday, October 5, 2013

ശുഭരാത്രി

അന്നവര്‍ ആക്രമിച്ചത്‌
ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഒരിടമായിരുന്നു
തുരുതുരെ വെടിയുതിര്‍ത്തുകൊണ്ട്‌ നീങ്ങവെ
മുന്നില്‍ വന്ന ഒരു കുട്ടിയുടെ ചോര തെറിച്ച്‌
 അയാളുടെ യൂനിഫോം നനഞ്ഞു

തിരിച്ചെത്തിയപ്പോള്‍ അയാള്‍ ക്ഷീണിതനായിരുന്നു
പക്ഷേ അന്നത്തെ ദൌത്യത്തിണ്റ്റെ വിജയത്തില്‍
അയാള്‍ക്ക്‌ സംതൃപ്തി തോന്നി

ഉറങ്ങുന്നതിന്‌ മുമ്പായി
പതിവ്‌ പോലെ
പഴ്സിലുള്ള മകണ്റ്റെ ചിത്രത്തില്‍
ഉമ്മ വെക്കാനൊരുങ്ങി
പക്ഷേ
ചിത്രം ചോരയില്‍ കുതിര്‍ന്നു പോയിരുന്നു
പതിവ്‌ തെറ്റിച്ചതില്‍
മനസ്സാ ക്ഷമചോദിച്ചുകൊണ്ട്‌
അവന്‌ ശുഭരാത്രി നേര്‍ന്നപ്പോള്‍
അയാള്‍ക്ക്‌ ആശ്വാസം തോന്നി
പിന്നീട്‌ ശാന്തനായി ഉറങ്ങി

Saturday, February 16, 2013

ഉച്ചഭാഷിണി

തെങ്ങിലും കവുങ്ങിലും 
നാട്ടിയ മുളങ്കാലിലും ഉയര്‍ന്നു നിന്ന്‌ 
തൊണ്ട തുറന്ന്‌ 

വിക്കിനെ വിലക്കി 
വാക്കിനെ പൊലിപ്പിച്ച്‌ 
മൊഴിയില്ലാത്തവരുടെ മൊഴിയായ്‌ 
 സ്വാതന്ത്യ്രത്തിണ്റ്റെ രണഭേരിയായ്‌ 
നാവില്ലാത്ത പ്രണയത്തിന്‌ നാവ്‌ കൊടുത്ത്‌ 
 വാതിലിന്‍ പിറകിലെ നിശ്വാസത്തിനും ഈണം കൊടുത്ത്‌ 

പറമ്പിലും പാടത്തും പാതയോരത്തിലും 
വെളിച്ചം കയറാത്ത കുണ്ടനിടവഴികളിലും 
പഴമയുടെ മണം നിറയും ഇടനാഴികളിലും 
കാതുകളെ തേടി ചെന്നിരുന്ന എന്നെ 

പിടിച്ചുകെട്ടി പെട്ടിയിലടച്ച്‌ 
അലറുന്ന തൊണ്ടയെ മൃദുവാക്കി 
കനവും മുഴക്കവും ക്രമീകരിച്ച്‌ 
അകലവും പരിധിയും നിശ്ചയിച്ച്‌
തേടിവരുന്ന കാതുകള്‍ക്ക്‌ മാത്രമായ്‌. 

പ്രകമ്പനം കൊള്ളുന്നുണ്ട്‌ 
ശബ്ദം ഉള്ളില്‍ 
 വിങ്ങിനില്‍പുണ്ട്‌ 
വിളിച്ചുപറയാനാവാത്ത സത്യങ്ങള്‍ 
വയറ്റത്തടിച്ച്‌ പാടുവാനുണ്ട്‌
വിശപ്പിണ്റ്റെ ഈണം. 

ഉള്ളിലുള്ള ഭൂകമ്പം 
തുറന്ന്‌ വിടാനാകാതെ
ഒന്ന്‌ പൊട്ടിത്തെറിയ്ക്കാന്‍ പോലുമാകാതെ. 

Wednesday, January 16, 2013

ബസ്സ്‌ വരച്ച ഭൂപടം

ബസ്സ്‌ വരച്ച ഭൂപടം 
നിരാശയുടെ നടുക്കടലില്‍ 
പ്രത്യാശയുടെ തോണിയാത്ര കണ്ടുവന്ന 
ഒരു പെണ്‍കുട്ടി 
ബസ്സില്‍ കയറുകയാണ്‌ 
മെരുങ്ങിയ ഒരു കടുവ 
അവളുടെ സ്വപ്നത്തില്‍ തലചായ്ച്ചുറങ്ങി 

ഹൈനകളുടെ ചിരികണ്ടപ്പോഴും 
കടുവ അവളുടെ മനസ്സില്‍;
ഉറക്കമാണെങ്കിലും. 

ബസ്സ്‌ നിറയെ 
ഉദ്ധരിച്ച ലിംഗങ്ങളെന്ന്‌ 
അറിഞ്ഞപ്പോള്‍ വൈകിയിരുന്നു 
നടുക്കടലിലെ തോണിയാത്രയല്ല 
ദില്ലി നിരത്തിലെ ബസ്സോട്ടമെന്നും 

നിര്‍ത്താതെ ഓടിയ ബസ്സ്‌ 
ഒരു ഭൂപടം വരച്ചുതീര്‍ത്തത്‌ 
ഓരോ പെണ്‍കുട്ടിയും അറിഞ്ഞു 
മാന്തിപ്പൊളിച്ച നിലവിളിയില്‍ 
 തങ്ങളുടെ ശബ്ദം കേട്ടതും 

അനന്തരം 

കശക്കിയെറിഞ്ഞ പൂവ്‌ 
പരത്താന്‍ തുടങ്ങിയ സൌരഭം 
 ഉള്ളില്‍ നിറഞ്ഞു 
വലിച്ച്‌ പറിച്ചെടുത്ത ഗര്‍ഭപാത്രത്തില്‍ 
ഒരു ഭ്രൂണം വളരുന്നത്‌ നമ്മള്‍ അറിഞ്ഞു 
ഒഴുകിപ്പരന്ന ചോര
ഭൂപടം മാറ്റിവരയ്ക്കുന്നതും. 

Wednesday, September 5, 2012

ആത്മഭാഷണം


റബര്‍ ഉറ 

പണ്ട്‌ 
അന്ത:പുരത്തിണ്റ്റെ 
കൊട്ടിയടച്ച വാതായനങ്ങള്‍ക്ക്‌ 
കാവലിരുന്നൂ, ഹിജഡകള്‍ 
ഇന്ന്‌ 
പ്രണയിക്കുന്ന കോശങ്ങളുടെ സംഗമം 
തടഞ്ഞുനില്‍പ്പാണ്‌
ഞാന്‍. 

പ്ളാസ്റ്റിക്‌ കവര്‍ 

ഉള്ളില്‍ 
മുല്ലപ്പൂക്കളെ ഏറ്റുവാങ്ങാറുണ്ട്‌ 
പക്ഷേ 
പ്രണയമണം  നുകരാന്‍
 എനിക്കാവില്ല. 

മുഴുത്ത തക്കാളി കവിളില്‍ 
കവിളുരുമ്മി തുടുക്കാനും 
വെണ്ടയ്ക്കയുടെ പച്ചമണത്തില്‍ 
ഉന്‍മേഷം കൊള്ളാനും 
ആശയുണ്ട്‌. 

ഉള്ളിയോട്‌ ചേര്‍ന്ന്‌ 
കണ്ണീര്‍ തൂവാനും മൂക്ക്‌ ചീറ്റാനും 
അറുത്ത്‌ തള്ളിയ കോഴിയുടെ 
കണ്ഠത്തില്‍ നിലച്ചുപോയ അവസാന വാക്കിന്‌ 
കാത്‌ കൊടുക്കാനും
എനിക്കാവില്ല. 

വെയിലില്‍ വാടിത്തളര്‍ന്നുറങ്ങാനും 
ഇക്കിളിയിടുന്ന മഴവിരലുകളില്‍ 
കുതിര്‍ന്ന്‌ തുളുമ്പാനുമാവാതെ 

ചൂളയില്‍ തിളച്ചുരുകി 
പലരൂപങ്ങളില്‍ 
 പലവര്‍ണ്ണങ്ങളില്‍ 
വീണ്ടും വീണ്ടും 
ജന്‍മമെടുത്തുകൊണ്ടേയിരിക്കുന്നു 
ഒരിക്കലും കിട്ടാത്ത മോക്ഷം കാത്ത്‌ 
ദ്രവിയ്ക്കാതെ നശിക്കാതെ
മണ്ണിലലിയാനാവാതെ.... 

Wednesday, July 25, 2012

രാമൊഴി: വാതിലില്‍ കോറിവരയ്ക്കുന്നു

രാമൊഴി: വാതിലില്‍ കോറിവരയ്ക്കുന്നു: വാതിലിനപ്പുറം   ഒരായിരം   കിളികളെ   കോറി   വരയ്ക്കുന്നൊരാകാശം ; വര   മായ്ക്കുന്ന   മേഘങ്ങള് ‍. കളഞ്ഞ്   പോയ   ഒരു   താക്കോല് ‍...

Saturday, July 21, 2012

നേര്‌

നേര്‌
ഞങ്ങള്‍ക്കൊപ്പം
ഇപ്പുറത്താണെന്ന്‌
അപ്പുറത്ത്‌ നിന്ന്‌ നീ പറഞ്ഞു

പക്ഷേ എനിക്കറിയാമായിരുന്നു
നേര്‌
ഞങ്ങള്‍ക്കൊപ്പം
ഇപ്പുറത്താണെന്ന്‌

തര്‍ക്കം തുടരവെ
ആളുകള്‍ പറ്റം ചേര്‍ന്നു
ഞങ്ങള്‍ക്കൊപ്പവും നിങ്ങള്‍ക്കൊപ്പവും

അപ്പോള്‍ 
നമ്മുടെ രണ്ടുപേരുടേയും കാലടികളെ നനച്ചുകൊണ്ട്‌
പുഴ ഒഴുകുന്നുണ്ടായിരുന്നു.

ചളിയും ചപ്പുചവറുകളും വഹിച്ച്‌
ഒഴുകിയ പുഴയുടെ അടിത്തട്ടില്‍
നിരന്തരമായ ഒഴുക്ക്‌ രാകി മിനുക്കിയ
വെള്ളാരങ്കല്ലുകള്‍
രത്നങ്ങളായ്‌ തിളങ്ങി,
ആരും കാണാതെ. 

Thursday, March 8, 2012

അത്‌...

ഓരോ കണ്ണില്‍നിന്നും നീളുന്നുണ്ട്‌ 
ഒരു നാക്ക്‌
നക്കി തുടയ്ക്കാന്‍ ആര്‍ത്തി പൂണ്ട്‌. 
ഇറ്റു വീഴുന്നുണ്ട്‌കൊതിസ്രവം. 


ഖുറാന്‍ ഓതുമ്പോഴും 
പാഠം ചൊല്ലുമ്പോഴും 
 കണ്ണുകളില്‍ നിന്ന്‌നീളുന്നത്‌ നാക്ക്‌. 


വരുന്നത്‌ പല രൂപത്തില്‍ 
തോക്കായ്‌, ചൂരല്‍ വടിയായ്‌ 
തലോടാനായുന്ന കൈകകളായ്‌ 
ഒടുവില്‍ എടുക്കുന്നത്‌ ഒരേ രൂപം 


അറിയാതെന്ന പോല്‍ 
 ഒരു ഉരുമ്മല്‍ 
അറിഞ്ഞാല്‍ തന്നെ എന്തെന്ന 
ഒരു നുള്ള്‌ 
പരിചയഭാവത്തിലുള്ള 
ഒരു പുഞ്ചിരി 
പ്രണയപൂര്‍വമെന്ന പോല്‍ 
ഒരു നോട്ടം 


ആളറിയാതെ 
ഒരു മിസ്കാള്‍ 
ആള്‌ മാറി
ഒരു എസ്‌ എം എസ്‌ 


എല്ലാം എല്ലാം... 
ഒന്നിലേക്ക്‌ 
അതിലേക്ക്‌ മാത്രം
അതിലേക്ക്‌ മാത്രം. 

Tuesday, October 12, 2010

എന്നെങ്കിലും


മുനവെച്ച
ഒരു വാക്കിന്‌ പിന്നില്‍
മുന മുളയ്കാത്ത
ഒരു പാട്‌ ചിന്തകളുണ്ട്‌

ചിലപ്പോഴെങ്കിലും
ഒരു വെടിയുണ്ട പിറക്കുന്നത്‌
തീ പിടിയ്കാതെ പോയ
വെടിമരുന്ന് ശേഖരം
ഉള്ളില്‍ നിറച്ചുകൊണ്ടാണ്‌
അതിന്‌ പൊട്ടിത്തെറിയ്കാന്‍
ഒരു വിരലിണ്റ്റെ
സഹായം പോലും വേണ്ട

വിടരാതെ പോയ
മുഴുവസന്തം ഉള്ളില്‍ നിറച്ച്‌
ഒരു പൂ വിരിയുമോ
എന്നെങ്കിലും!

Friday, January 29, 2010

നടത്തം

നടക്കുന്നത്‌
രണ്ട്‌ കാലിലല്ല
വഴിയിലും വരമ്പിലുമല്ല

കൂടെയുണ്ട്‌
ഒരു നാട്ടുമാവിന്‍ തണലും
ഇത്തിരി നിലാക്കുളിരും
ഏത്‌ നട്ടുച്ചയ്ക്കും.

നിരത്തുവക്കില്‍
ഇപ്പോള്‍ ഇല്ലാത്ത
ഓലക്കുടിലില്‍ നിന്നുയരുന്നുണ്ട്‌
ശേഖരേട്ടണ്റ്റെ
ഇരുന്നൂറ്‌ മില്ലി തെറി.

ബാറിലെ അട്ടഹാസങ്ങള്‍ക്കിടയിലും
കാതില്‍ വീഴുന്നത്‌
വേലായുധേട്ടണ്റ്റെ
തെങ്ങിന്‍ കള്ള്‌ മണക്കുന്ന
ഒരു പ്രണയഗാനം.

നികത്തി ടാര്‍ ചെയ്ത
കുണ്ടനിടവഴിയുടെ വക്കില്‍
പൂക്കാത്ത കൊന്നയ്ക്ക്‌
പൂ ചൂടിച്ച്‌ നില്‍പാണ്‌
പാവാടയും ജമ്പറുമിട്ട
ഒരു പുഞ്ചിരി.

കാതില്‍ അലയ്ക്കുന്നുണ്ട്‌
തീവണ്ടിയുടെ നിര്‍ത്താത്ത കൂക്കിവിളിയില്‍
പിളര്‍ന്നുപോയ
ഒരു പശുക്കുട്ടിയുടെ നിലവിളി.

മാറാപ്പില്‍
പരാതികള്‍, പരിഭവക്കുറുകലുകള്‍
ഓഫീസിലെ
അശ്ളീലം തെറിക്കുന്ന തുപ്പലുകള്‍
നീറിക്കിടപ്പുണ്ട്‌
"കൊതിക്കല്ലുകള്‍ വന്നുകൊണ്ട*
ഉടല്‍മിനുപ്പിണ്റ്റെ മുറിവായകള്‍"

നില്‍ക്കുന്നില്ല
നടത്തം തുടരുന്നു.
.........

*സെറീനയുടെ 'ഉപ്പിലിട്ടത്‌' എന്ന കവിതയില്‍ നിന്ന്‌.



Monday, October 5, 2009

പിണക്കം

നീന്തിക്കടക്കാന്‍
പ്രണയത്തിണ്റ്റെ
കരകാണാക്കടല്‍ മുന്നില്‍
നമ്മളോ,
മൌനത്തിണ്റ്റെ പൊങ്ങുതടിയിലേറി
എങ്ങോട്ടെന്നറിയാതെഒഴുകുന്നു.

പ്രണയിക്കുമ്പോള്‍
മൌനം
നേര്‍ത്ത മൂടല്‍മഞ്ഞായ്‌ പുണരും
പക്ഷേ
ഇപ്പോള്‍
കൂരിരുട്ടിണ്റ്റെ കരിമ്പടമായ്‌
നമ്മെ മൂടുന്നു
പരസ്പരം കാണാനാവാതെ
നമുക്ക്‌ വീര്‍പ്പുമുട്ടുന്നു.

പറയാത്ത വാക്കുകള്‍ കൊണ്ടെന്നെ
കീറിമുറിക്കുമ്പോള്‍
ചോര പൊടിയുന്നത്‌
സ്വന്തം ഉടലില്‍ നിന്നാണെന്ന്‌
നീയറിയാത്തതെന്ത്‌

സ്വീകരണമുറിയില്‍
മുഖം തിരിച്ചാണിരിപ്പ്‌
അടുപ്പില്‍ പാതിവെന്തിരിപ്പുണ്ട്‌
തീന്‍മേശമേല്‍ തൂവിക്കിടപ്പുണ്ട്‌

പിണക്കം
'പാ' യിലെ
ഇണക്കം മാത്രമായെങ്കില്‍....

Saturday, August 15, 2009

കൈയെഴുത്തുകള്‍ വായിക്കുമ്പോള്‍...

ചില കൈയെഴുത്തുകള്‍ അങ്ങനെയാണ്‌
മുണ്ടും നേര്യതും ധരിച്ച്‌
മുടിയില്‍ തുളസിക്കതിര്‌ ചൂടി
നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ്‌
തൊഴുത്‌ നില്‍ക്കും.

ചിലത്‌
ഒളിഞ്ഞ്‌ നിന്ന്‌ കരിവള കിലുക്കും
കടക്കണ്‍നോട്ടമെറിയും
കാല്‍നഖക്കവിത കുറിക്കും.

ചില കൈയെഴുത്തുകള്‍
വരകളേയും വരികളേയും വെല്ലുവിളിച്ചുകൊണ്ട്‌
തെറിച്ച്‌ നില്‍ക്കും
താന്തോന്നിയായി.

ചിലത്‌
പൊയ്ക്കാലില്‍ ഉയര്‍ന്ന്‌ നിന്ന്‌
താടിയുഴിഞ്ഞുകൊണ്ട്‌
നിസ്സംഗമായ കണ്ണുകളോടെ
നോക്കാതെ നോക്കും.

മറ്റ്‌ ചിലത്‌
ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ
ഉന്തിയ വയറുമായി
ഈര്‍ക്കിള്‍കാലുകളില്‍ പൊങ്ങി
ദൈന്യതയോടെ കണ്ണുകളുയര്‍ത്തും.

ചിലത്‌
ഉറയ്കാത്ത കാലടികളോടെ
എങ്ങും തൊടാതെതെന്നി തെന്നി നീങ്ങും.

ഇപ്പോള്‍
വിരല്‍ ഞൊടിക്കുകയേ വേണ്ടൂ
തികഞ്ഞ ചിട്ടയോടെ
കൃത്യമായ അകലത്തില്‍
വരയും വരിയും ഭേദിക്കാതെ
മാര്‍ച്ച്‌ ചെയ്തെത്തുന്നു
എഴുത്തുകള്‍.