Sunday, June 14, 2009

ദൂരക്കാഴ്ച

നോട്ടത്തിണ്റ്റേയും
കാഴ്ചയുടേയും
പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞപ്പോള്‍
ഞാനെത്തിയത്‌കണ്ണുഡോക്ടറുടെ മുന്നിലാണ്‌.

ഒരിക്കല്‍ക്കൂടി അക്ഷരങ്ങളിലൂടെയുള്ളപിച്ചവെക്കലുകള്‍.
കണ്ണിണ്റ്റെ ഉള്ളറയിലേക്കുള്ള ചുഴിഞ്ഞുനോട്ടം;
(എന്തെല്ലാം കണ്ടിരിക്കും ?
കൈത്തണ്ടയില്‍
വളപ്പൊട്ട്‌ കോറിയ ചോരയില്‍ തെളിഞ്ഞ
ആദ്യ പ്രണയ മുദ്ര,
ഒരു പുലര്‍കാലെ
കുളക്കടവില്‍ ഒളിച്ചുകണ്ടഉടലിണ്റ്റെ സംഋധ്ദി... )

ഏതെല്ലാം കണ്ണടകള്‍;
മുഖത്തിണ്റ്റെ നിര്‍മ്മമതയെ പെരുപ്പിക്കുന്ന
ബുധ്ദിജീവി കണ്ണടകള്‍,
കുട്ടികളുടെ നോട്ടത്തില്‍
ഒന്നിനെ രണ്ടും
രണ്ടിനെ നാലുമാക്കുന്ന
ടീച്ചര്‍ കണ്ണടകള്‍,
മുന്നിലിരിക്കുന്നവണ്റ്റെ കണ്ണിലെ
ആര്‍ദ്രതയുടെ നേരിയ പടലം ഭേദിച്ച്‌
പിന്നിലെ കരിമ്പാറയില്‍ തൊടുന്ന കോര്‍പ്പറേറ്റ്‌ കണ്ണടകള്‍,
ആവശ്യത്തിണ്റ്റെ നിറവും
പോക്കറ്റിലെ കുറവും
തൂക്കിനോക്കുന്നകച്ചവടക്കണ്ണടകള്‍.

ഞാനെടുത്തത്‌ എനിക്ക്‌ കാണാനും
ഒപ്പം
കണ്ണിലെ കാരുണ്യത്തിണ്റ്റെ നനവും
ക്രോധത്തിണ്റ്റെ ചെങ്കനലും
തുറിച്ചുനോട്ടത്തിലെ കോമ്പല്ലുകളും
ഒളിപ്പിക്കാനുംഒരു മറക്കണ്ണട.

ഇപ്പോള്‍ എനിക്കു കാണാം
ദൂരെ വെയില്‍മരം പൂക്കുന്നതും
നിലാമഴ പൊഴിയുന്നതും
ആഴക്കടലിണ്റ്റെ മൌനവും.

എങ്കിലും നിണ്റ്റെ കണ്ണിലെ തിരയിളക്കങ്ങളും
ചുണ്ടിലെ കാഞ്ഞിരപ്പൂക്കളും
ഉടല്‍ തളിര്‍ക്കുന്നതും
ഇലപൊഴിക്കുന്നതും
കാണാന്‍ കഴിയാതെ ഞാന്‍....

***