Saturday, August 15, 2009

കൈയെഴുത്തുകള്‍ വായിക്കുമ്പോള്‍...

ചില കൈയെഴുത്തുകള്‍ അങ്ങനെയാണ്‌
മുണ്ടും നേര്യതും ധരിച്ച്‌
മുടിയില്‍ തുളസിക്കതിര്‌ ചൂടി
നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ്‌
തൊഴുത്‌ നില്‍ക്കും.

ചിലത്‌
ഒളിഞ്ഞ്‌ നിന്ന്‌ കരിവള കിലുക്കും
കടക്കണ്‍നോട്ടമെറിയും
കാല്‍നഖക്കവിത കുറിക്കും.

ചില കൈയെഴുത്തുകള്‍
വരകളേയും വരികളേയും വെല്ലുവിളിച്ചുകൊണ്ട്‌
തെറിച്ച്‌ നില്‍ക്കും
താന്തോന്നിയായി.

ചിലത്‌
പൊയ്ക്കാലില്‍ ഉയര്‍ന്ന്‌ നിന്ന്‌
താടിയുഴിഞ്ഞുകൊണ്ട്‌
നിസ്സംഗമായ കണ്ണുകളോടെ
നോക്കാതെ നോക്കും.

മറ്റ്‌ ചിലത്‌
ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ
ഉന്തിയ വയറുമായി
ഈര്‍ക്കിള്‍കാലുകളില്‍ പൊങ്ങി
ദൈന്യതയോടെ കണ്ണുകളുയര്‍ത്തും.

ചിലത്‌
ഉറയ്കാത്ത കാലടികളോടെ
എങ്ങും തൊടാതെതെന്നി തെന്നി നീങ്ങും.

ഇപ്പോള്‍
വിരല്‍ ഞൊടിക്കുകയേ വേണ്ടൂ
തികഞ്ഞ ചിട്ടയോടെ
കൃത്യമായ അകലത്തില്‍
വരയും വരിയും ഭേദിക്കാതെ
മാര്‍ച്ച്‌ ചെയ്തെത്തുന്നു
എഴുത്തുകള്‍.

Wednesday, August 5, 2009

കറുപ്പ്‌

കറുപ്പ്‌ ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.
എത്ര മറച്ചാലും പുറത്ത്‌ കാണുന്ന
അടിപ്പാവാടയുടെ തുമ്പിലെ കീറല്‍ പോലെ.

കറുപ്പ്‌
ഒരു മേല്‍ വിലാസമാണ്‌
അത്‌ ചിലപ്പോള്‍ഇരുണ്ട ഭൂഖണ്‌ഠത്തിലേയ്ക്‌ നയിക്കുന്നു.
ചിലപ്പോള്‍ നമ്മെ വെളുപ്പിച്ച്‌ വെളുപ്പിച്ച്‌
കരുവാളിച്ചുപോയകരിന്തൊലിയിലേയ്ക്‌.

വിളറിയ വെളുപ്പിനെ
വെള്ളക്കച്ച കൊണ്ട്‌ മൂടിയാലും
മരണം കറുപ്പാണ്‌.

കറുപ്പ്‌
കരിങ്കണ്ണായ്‌
കരിനാക്കായ്‌
സ്വൈരം കെടുത്തുന്നു
എന്നാല്‍
കരിങ്കൂവളമായ്‌ കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്‌ പ്രണയിക്കുന്നില്ല.

കറുപ്പില്‍
ചുരുട്ടിയ ഒരു മുഷ്ടി ഉണ്ട്‌,
ജമൈക്കയില്‍നിന്നുള്ള *വിലാപമുണ്ട്‌,
തൊലിയില്‍ മുറുകുന്ന ചങ്ങലയുടെ നീറ്റലുണ്ട്‌.

എങ്കിലും
കറുപ്പ്‌ പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌ ഉണ്‍മയെന്നും
വെളിച്ചം അധിനിവേശമാണെന്നും.

*The Wailors