Monday, October 5, 2009

പിണക്കം

നീന്തിക്കടക്കാന്‍
പ്രണയത്തിണ്റ്റെ
കരകാണാക്കടല്‍ മുന്നില്‍
നമ്മളോ,
മൌനത്തിണ്റ്റെ പൊങ്ങുതടിയിലേറി
എങ്ങോട്ടെന്നറിയാതെഒഴുകുന്നു.

പ്രണയിക്കുമ്പോള്‍
മൌനം
നേര്‍ത്ത മൂടല്‍മഞ്ഞായ്‌ പുണരും
പക്ഷേ
ഇപ്പോള്‍
കൂരിരുട്ടിണ്റ്റെ കരിമ്പടമായ്‌
നമ്മെ മൂടുന്നു
പരസ്പരം കാണാനാവാതെ
നമുക്ക്‌ വീര്‍പ്പുമുട്ടുന്നു.

പറയാത്ത വാക്കുകള്‍ കൊണ്ടെന്നെ
കീറിമുറിക്കുമ്പോള്‍
ചോര പൊടിയുന്നത്‌
സ്വന്തം ഉടലില്‍ നിന്നാണെന്ന്‌
നീയറിയാത്തതെന്ത്‌

സ്വീകരണമുറിയില്‍
മുഖം തിരിച്ചാണിരിപ്പ്‌
അടുപ്പില്‍ പാതിവെന്തിരിപ്പുണ്ട്‌
തീന്‍മേശമേല്‍ തൂവിക്കിടപ്പുണ്ട്‌

പിണക്കം
'പാ' യിലെ
ഇണക്കം മാത്രമായെങ്കില്‍....

Saturday, August 15, 2009

കൈയെഴുത്തുകള്‍ വായിക്കുമ്പോള്‍...

ചില കൈയെഴുത്തുകള്‍ അങ്ങനെയാണ്‌
മുണ്ടും നേര്യതും ധരിച്ച്‌
മുടിയില്‍ തുളസിക്കതിര്‌ ചൂടി
നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞ്‌
തൊഴുത്‌ നില്‍ക്കും.

ചിലത്‌
ഒളിഞ്ഞ്‌ നിന്ന്‌ കരിവള കിലുക്കും
കടക്കണ്‍നോട്ടമെറിയും
കാല്‍നഖക്കവിത കുറിക്കും.

ചില കൈയെഴുത്തുകള്‍
വരകളേയും വരികളേയും വെല്ലുവിളിച്ചുകൊണ്ട്‌
തെറിച്ച്‌ നില്‍ക്കും
താന്തോന്നിയായി.

ചിലത്‌
പൊയ്ക്കാലില്‍ ഉയര്‍ന്ന്‌ നിന്ന്‌
താടിയുഴിഞ്ഞുകൊണ്ട്‌
നിസ്സംഗമായ കണ്ണുകളോടെ
നോക്കാതെ നോക്കും.

മറ്റ്‌ ചിലത്‌
ഗ്രഹണി പിടിച്ച കുട്ടികളെപ്പോലെ
ഉന്തിയ വയറുമായി
ഈര്‍ക്കിള്‍കാലുകളില്‍ പൊങ്ങി
ദൈന്യതയോടെ കണ്ണുകളുയര്‍ത്തും.

ചിലത്‌
ഉറയ്കാത്ത കാലടികളോടെ
എങ്ങും തൊടാതെതെന്നി തെന്നി നീങ്ങും.

ഇപ്പോള്‍
വിരല്‍ ഞൊടിക്കുകയേ വേണ്ടൂ
തികഞ്ഞ ചിട്ടയോടെ
കൃത്യമായ അകലത്തില്‍
വരയും വരിയും ഭേദിക്കാതെ
മാര്‍ച്ച്‌ ചെയ്തെത്തുന്നു
എഴുത്തുകള്‍.

Wednesday, August 5, 2009

കറുപ്പ്‌

കറുപ്പ്‌ ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.
എത്ര മറച്ചാലും പുറത്ത്‌ കാണുന്ന
അടിപ്പാവാടയുടെ തുമ്പിലെ കീറല്‍ പോലെ.

കറുപ്പ്‌
ഒരു മേല്‍ വിലാസമാണ്‌
അത്‌ ചിലപ്പോള്‍ഇരുണ്ട ഭൂഖണ്‌ഠത്തിലേയ്ക്‌ നയിക്കുന്നു.
ചിലപ്പോള്‍ നമ്മെ വെളുപ്പിച്ച്‌ വെളുപ്പിച്ച്‌
കരുവാളിച്ചുപോയകരിന്തൊലിയിലേയ്ക്‌.

വിളറിയ വെളുപ്പിനെ
വെള്ളക്കച്ച കൊണ്ട്‌ മൂടിയാലും
മരണം കറുപ്പാണ്‌.

കറുപ്പ്‌
കരിങ്കണ്ണായ്‌
കരിനാക്കായ്‌
സ്വൈരം കെടുത്തുന്നു
എന്നാല്‍
കരിങ്കൂവളമായ്‌ കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്‌ പ്രണയിക്കുന്നില്ല.

കറുപ്പില്‍
ചുരുട്ടിയ ഒരു മുഷ്ടി ഉണ്ട്‌,
ജമൈക്കയില്‍നിന്നുള്ള *വിലാപമുണ്ട്‌,
തൊലിയില്‍ മുറുകുന്ന ചങ്ങലയുടെ നീറ്റലുണ്ട്‌.

എങ്കിലും
കറുപ്പ്‌ പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌ ഉണ്‍മയെന്നും
വെളിച്ചം അധിനിവേശമാണെന്നും.

*The Wailors

Friday, July 17, 2009

ചരടുകളെപ്പറ്റി

ഓര്‍മയിലെ ആദ്യത്തെ ചരട്‌
അമ്മ അരയില്‍ കെട്ടിത്തന്ന ഒന്നാണ്‌;
കറുത്ത്‌ ഞാഞ്ഞൂല്‍ വണ്ണത്തില്‍.
പലയാവര്‍ത്തി അഴിച്ചുകളഞ്ഞിട്ടും
അമ്മ വീണ്ടും വീണ്ടും കെട്ടിക്കൊണ്ടിരുന്നു.
പറിച്ചുകളയാനാവാത്ത ഒരലോസരമായി
അത്‌ ഉടലില്‍ പറ്റിക്കിടന്നു.

പിന്നീടൊരിക്കല്‍
പനിച്ചൂടില്‍ പിച്ചും പേയും പറഞ്ഞപ്പോള്‍
അയലത്തെ കാളിയമ്മ
ജപിച്ചൂതി കൈയില്‍ കെട്ടീആശ്വാസച്ചരട്‌.

മുതിര്‍ന്നപ്പോള്‍
അരയിലേയും കൈയിലേയും ചരടുകള്‍ അഴിച്ചുകളഞ്ഞ്‌
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

പക്ഷെ അപ്പോഴേക്കും.....
ഏതെല്ലാം ചരടുകള്‍!
ഏവര്‍ക്കും ഹിതമായ ചരടുകള്‍
വിഹിതമായ്‌ കിട്ടുന്ന ചരടുകള്‍
അവിഹിതമായ്‌ മാറുന്ന കാണാച്ചരടുകള്‍
‍അഴിയാക്കുരുക്കായ്‌ മഞ്ഞച്ചരടുകള്‍.

ഉടലിനു മുമ്പെ ചരടുകള്‍ ഉണ്ടെന്നും
ഉടല്‍ ഉരുകിയാലും അതഴിയുന്നില്ലെന്നുമുള്ള അറിവ്‌
മറ്റൊരു ചരടായി.

അനന്തതയെ തൊടാന്‍ ആയുമ്പോഴും
പട്ടത്തിണ്റ്റെ ചരട്‌ തന്നിലാണെന്ന്‌
അഹങ്കരിച്ച വിരല്‍
മണ്ണില്‍ തറച്ചൊരു കുറ്റിയും
അതില്‍ കുരുക്കിയ കയറുംകാണാതെ പോയി.

***

Sunday, June 14, 2009

ദൂരക്കാഴ്ച

നോട്ടത്തിണ്റ്റേയും
കാഴ്ചയുടേയും
പൊരുത്തക്കേടുകള്‍ തിരിച്ചറിഞ്ഞപ്പോള്‍
ഞാനെത്തിയത്‌കണ്ണുഡോക്ടറുടെ മുന്നിലാണ്‌.

ഒരിക്കല്‍ക്കൂടി അക്ഷരങ്ങളിലൂടെയുള്ളപിച്ചവെക്കലുകള്‍.
കണ്ണിണ്റ്റെ ഉള്ളറയിലേക്കുള്ള ചുഴിഞ്ഞുനോട്ടം;
(എന്തെല്ലാം കണ്ടിരിക്കും ?
കൈത്തണ്ടയില്‍
വളപ്പൊട്ട്‌ കോറിയ ചോരയില്‍ തെളിഞ്ഞ
ആദ്യ പ്രണയ മുദ്ര,
ഒരു പുലര്‍കാലെ
കുളക്കടവില്‍ ഒളിച്ചുകണ്ടഉടലിണ്റ്റെ സംഋധ്ദി... )

ഏതെല്ലാം കണ്ണടകള്‍;
മുഖത്തിണ്റ്റെ നിര്‍മ്മമതയെ പെരുപ്പിക്കുന്ന
ബുധ്ദിജീവി കണ്ണടകള്‍,
കുട്ടികളുടെ നോട്ടത്തില്‍
ഒന്നിനെ രണ്ടും
രണ്ടിനെ നാലുമാക്കുന്ന
ടീച്ചര്‍ കണ്ണടകള്‍,
മുന്നിലിരിക്കുന്നവണ്റ്റെ കണ്ണിലെ
ആര്‍ദ്രതയുടെ നേരിയ പടലം ഭേദിച്ച്‌
പിന്നിലെ കരിമ്പാറയില്‍ തൊടുന്ന കോര്‍പ്പറേറ്റ്‌ കണ്ണടകള്‍,
ആവശ്യത്തിണ്റ്റെ നിറവും
പോക്കറ്റിലെ കുറവും
തൂക്കിനോക്കുന്നകച്ചവടക്കണ്ണടകള്‍.

ഞാനെടുത്തത്‌ എനിക്ക്‌ കാണാനും
ഒപ്പം
കണ്ണിലെ കാരുണ്യത്തിണ്റ്റെ നനവും
ക്രോധത്തിണ്റ്റെ ചെങ്കനലും
തുറിച്ചുനോട്ടത്തിലെ കോമ്പല്ലുകളും
ഒളിപ്പിക്കാനുംഒരു മറക്കണ്ണട.

ഇപ്പോള്‍ എനിക്കു കാണാം
ദൂരെ വെയില്‍മരം പൂക്കുന്നതും
നിലാമഴ പൊഴിയുന്നതും
ആഴക്കടലിണ്റ്റെ മൌനവും.

എങ്കിലും നിണ്റ്റെ കണ്ണിലെ തിരയിളക്കങ്ങളും
ചുണ്ടിലെ കാഞ്ഞിരപ്പൂക്കളും
ഉടല്‍ തളിര്‍ക്കുന്നതും
ഇലപൊഴിക്കുന്നതും
കാണാന്‍ കഴിയാതെ ഞാന്‍....

***

Wednesday, February 25, 2009

വേലികള്‍ പറയാത്തത്‌.


ഒരു തുണ്ട്‌ ഭൂമി വാങ്ങിയെങ്കിലും
അത്‌ സ്വന്തമായത്‌ വേലി കെട്ടി തിരിച്ചപ്പോഴാണ്‌,
മണ്ണിനിണങ്ങിയ
മുളങ്കാലുകളും ഇല്ലിമുള്ളും ചേര്‍ത്ത്‌.

എന്നാല്‍ ബിരിയാണിമണവും സുറുമക്കണ്‍നോട്ടങ്ങളും
വേലിചാടിയെത്തി.
ചന്ദനമണവുംരാമജപവും
വേലികടന്നുപോയി.

വേലികള്‍ ഉയരുന്നത്‌ മണ്ണിലല്ലെന്നറിഞ്ഞപ്പോള്‍
അത്‌ പൊളിച്ചുകളഞ്ഞ്‌
ഞങ്ങള്‍ വിപ്ളവകാരികളായി.

ബിരിയാണിമണവും ചന്ദനഗന്ധവും
സുറുമക്കണ്‍നോട്ടങ്ങളും രാമജപവും
പോക്കുവരവ്‌ തുടര്‍ന്നുകൊണ്ടിരിക്കുന്നു,
പരസ്പരം ഇടകലര്‍ന്ന്‌ പോകാതിരിക്കാന്‍
ശ്രദ്ധിച്ച്‌, ശ്രദ്ധിച്ച്‌.....

Friday, February 6, 2009

ഇടം മാറുമ്പോള്‍....

ഓരോന്നിനുംഅതിണ്റ്റേതായ ഇടമുണ്ട്‌.
നിലവിളക്ക്‌:
പുളിയിട്ട്‌ തേച്ച്‌ മിനുക്കി തിരി തെളിച്ച്‌
വീടിന്ന്‌ വെളിച്ചമായ്‌
അദ്ദേഹത്തിണ്റ്റെ മനസ്സില്‍ തെളിച്ചമായ്‌
പൂമുഖപ്പടിയില്‍.
തിരിയണഞ്ഞാല്‍
മുറിയുടെ ഇരുട്ടുമൂലയില്‍
ഒരു പ്രകാശനാളത്തിണ്റ്റെ ഓര്‍മ്മയിലേക്ക്‌
തുറക്കാനാകാത്ത
തുറിച്ച മാറാലക്കണ്ണുകളുമായ്‌,
നാളെതന്‍ ക്ളാവിലേക്ക്‌ കാലും നീട്ടി.

സമ്മാനക്കപ്പുകള്‍
‍സ്വീകരണമുറിയില്‍ത്തന്നെ.
നേടിയ കൈകള്‍ക്ക്‌ എത്താ ഉയരത്തില്‍,
ചില്ലലമാരയില്‍
അവളുടെ കൊതിക്കണ്ണില്‍ കരടായ്‌
നമ്മുടെ പൊങ്ങച്ചത്തൊപ്പിയില്‍ തൂവലായ്‌.

ചൂലിണ്റ്റെ ഇടം
വാതിലിന്‌ പിറകിലാണ്‌.
എലുമ്പുമെച്ചിലും കൊഴിഞ്ഞ ഇലകളൂം
ഇടറിയ കാലടിപ്പാടുകളും തൂത്തുവാരിക്കളഞ്ഞ്‌
വിശുദ്ധിയുടെ കണിയൊരുക്കുന്നവള്‍,
സ്വയം കണിയാകാന്‍ കൊള്ളാത്തവള്‍,
അശ്രീകരം;
അവള്‍ മറഞ്ഞിരിക്കണം.

കറിക്കത്തിക്കുമുണ്ട്‌ ഒരിടം.
പരതുന്ന കൈക്കരുത്തിന്‌ വഴങ്ങി
അവന്‌ വേണ്ടി
കീറാനും മുറിക്കാനും കൊല്ലാനും
അവസരം സ്വപ്നം കണ്ടിരിക്കാന്‍;
ഇടം മാറിയിരിക്കുമ്പോള്‍
തന്നിഷ്ടത്തോടെ മുറിച്ചും നോവിച്ചും ചോര ചീറ്റിയും
കടിച്ചുകീറാന്‍ പാകത്തില്‍.

ഓരോ ഇടം മാറ്റത്തിലും
ഒരു കലഹം മറഞ്ഞിരിപ്പുണ്ട്‌,
ഒരു വെല്ലുവിളിയും;
കല്‍പ്പിച്ചുകിട്ടിയ ഇടത്തിണ്റ്റെ നിഷേധം.
ഓരോ ഇടം മാറ്റവുംഓരോ തുടലറുക്കലാണ്‌.

Saturday, January 24, 2009

യെഹൂദാ അമിചായ്‌

ദൈവത്തിന്‌ നഴ്സറിക്കുരുന്നുകളുടെമേല്‍ കരുണയുണ്ട്‌.


ദൈവത്തിന്‌നഴ്സറിക്കുരുന്നുകളുടെമേല്‍ കരുണയുണ്ട്‌.
സ്കൂള്‍കുട്ടികളുടെമേല്‍ കരുണയേറെയില്ല.
മുതിര്‍ന്നവരുടെമേല്‍...ഇല്ലതന്നെ.
അവന്‍ അവരെ തനിയേ വിടുന്നു.

ചിലപ്പോള്‍
പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താന്‍ ചുട്ടുപൊള്ളുന്ന മണലില്‍
ചോരയില്‍കുളിച്ച്‌അവര്‍ നാലുകാലില്‍ ഇഴയണം.

ഒരുപക്ഷേഅവന്‍ പ്രണയികള്‍ക്ക്‌ കാവല്‍ നില്‍ക്കും.
അവരില്‍ ദയതോന്നി അവര്‍ക്കഭയം നല്‍കും,
പാതയോരത്ത്‌ ഉറങ്ങുന്ന വൃദ്ധനുമേല്‍ു
‍ഒരു വൃക്ഷം എന്ന പോലെ.

ചിലപ്പോള്‍ നമ്മളും
അമ്മ നമ്മെയേല്‍പ്പിച്ച
അനുകമ്പയുടെ അമൂല്യനാണയങ്ങള്‍ അവര്‍ക്ക്‌ നല്‍കും
അവരുടെ ആഹ്ളാദംനമുക്കെപ്പോഴും തുണയാകുമല്ലോ.
.....

യുദ്ധത്തില്‍ മരണപ്പെട്ടവര്‍ക്കായി ഒരു വിലാപഗീതം


ഇതെല്ലാമാണോ ദുഖം?
എനിയ്കറിയില്ല.

ജീവനുള്ളവനെപ്പോലെ വേഷം ധരിച്ച്‌
ഞാന്‍ സെമിത്തേരിയില്‍ നിന്നു.
തവിട്ടുനിറത്തിലുള്ള കാലുറയും
സൂര്യനെപ്പോലെ മഞ്ഞയായ കുപ്പായവും.

സെമിത്തേരികള്‍ചിലവുകുറഞ്ഞ ഇടങ്ങളാണ്‌.
അവ നമ്മോട്‌ കൂടുതല്‍ ആവശ്യപ്പെടില്ല.
ചവറ്റുകുട്ടകള്‍പോലും ചെറുതാണ്‌
കടകളില്‍നിന്ന്‌ പൂക്കള്‍ പൊതിഞ്ഞുകൊണ്ടുവരുന്നകടലാസുകള്‍ക്കു വേണ്ടി മാത്രം.

സെമിത്തേരികള്‍മര്യാദയും
ചിട്ടയും ഉള്ളവയാണ്‌.

'ഞാന്‍ ഒരിക്കലും നിന്നെ മറക്കില്ല'
ഫ്രെഞ്ചില്‍, ഒരു ചെറിയ സെറാമിക്‌ ഫലകത്തില്‍.
ഒരിക്കലും മറക്കാത്ത അവന്‍ ആരാണാവോ?
അവന്‍പരേതനേക്കാള്‍ അജ്ഞാതന്‍.

ഇതെല്ലാമാണോ ദുഖം?
എന്നു തോന്നുന്നു.

'ജന്‍മനാട്‌ പണിതുയര്‍ത്തുന്നതില്‍നീ സാന്ത്വനം നേടൂ.. '
പക്ഷെ
സാന്ത്വനം, നിര്‍മാണം, മരണം
ഇവയുടെ കരാളമായ പന്തയത്തില്‍
സ്വയം പിന്നിലാകാതെ
ജന്‍മനാട്‌ പണിതുയര്‍ത്തുന്നതില്‍ എത്രനാള്‍ നിനക്ക്‌ തുടരാന്‍ പറ്റും?

അതെ, ഇതുതന്നെയാണ്‌ ദുഖം.

എങ്കിലും കുറച്ചു സ്നേഹം നിന്നില്‍
പൊലിയാതെ നിര്‍ത്തുക;
അറയില്‍ ഉറങ്ങുന്ന ശിശുവിണ്റ്റെ ചാരെ
എന്താണെന്നും എവിടെനിന്ന്‌ വരുന്നെന്നും അവന്‌ അറിയില്ലെങ്കിലും
സുരക്ഷിതത്വവും
സൌമ്യമായ സ്നേഹവും നല്‍കിക്കൊണ്ട്‌
തെളിഞ്ഞിരിക്കുന്ന വൈദ്യുതദീപം പോലെ.
....
മൊഴിമാറ്റം: ടി. വിനോദ്‌ കുമാര്‍.
....

ജര്‍മനിയില്‍ ജനിച്ച്‌ പലസ്തീനിലേക്ക്‌ കുടിയേറിയ അമിചായ്‌ ഹീബ്രുവില്‍ കവിതകള്‍ എഴുതി. രണ്ടാം ലോകമഹായുദ്ധത്തിലും ഇസ്രായേലിണ്റ്റെ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്ത്‌ യുദ്ധം ചെയ്തെങ്കിലും പിന്നീട്‌ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി യുദ്ധവിരുദ്ധ നിലപാടുകള്‍ കവിതകളില്‍ എടുത്തു. അറബ്‌ കവികളുമായുള്ള കൂട്ടായ്മകളില്‍ പങ്കെടുത്തു. രണ്ടായിരാമാണ്ടില്‍ മരിച്ചു.

Thursday, January 15, 2009

ഞാനും അവളും പിന്നെ...

പ്രണയത്തിന്‌
വിടരുന്ന പനിനീര്‍പ്പൂവിണ്റ്റെ
വിലാസഗന്ധമെന്ന്‌ ഞാന്‍;
ഉള്ളി അരിഞ്ഞ കൈകളുടെ
ചെടിച്ച വാടയെന്ന്‌ അവള്‍.

പ്രണയത്തിന്‌
ഉച്ചിയിലുദിക്കുന്ന ഉച്ചവെയിലില്‍
മരത്തണലിണ്റ്റെ കുളിര്‍മ്മയെന്ന്‌ ഞാന്‍;
ചൂടില്‍, വിയര്‍പ്പില്‍ വെന്തുതളരുന്ന
ഉടലിണ്റ്റെപനിച്ചൂടെന്ന്‌ അവള്‍.

പ്രണയത്തിന്‌
നിശയുടെ, നിലാലഹരിയുടെ നീലനിറമെന്ന്‌ ഞാന്‍;
അടുപ്പില്‍ പാല്‍ കരിഞ്ഞുപോയപാത്രത്തിണ്റ്റെ
അടിക്കറുപ്പെന്ന്‌ അവള്‍.

ഒരുമയില്‍ ഇരുമെയ്യായ ഞങ്ങള്‍പിരിഞ്ഞു
അപ്പോള്‍
ശാരംഗിയുടെ കരള്‍ പിളര്‍ന്നൊഴുകിയ
തേങ്ങലാണ്‌ കേട്ടതെന്ന്‌ ഞാന്‍;
ഞെരിയുന്ന നെഞ്ചിന്‍ കൂടില്‍
പിടയുന്ന ചക്രവാകിയുടെ
ചിറകടിയാണറിഞ്ഞതെന്ന്‌ അവള്‍.
......