Wednesday, July 9, 2014

നഷ്ടം


എനിക്ക്‌ കിട്ടിയ ആദ്യ പ്രണയസമ്മാനം 
തീപ്പെട്ടി കൂട്ടിലടച്ച 
പൂത്താങ്കീരി 
രാത്രി മുഴുവന്‍ 
അത്‌ ചിലച്ചുകൊണ്ടിരുന്നു 

കാലത്തെണീറ്റപ്പോള്‍ 
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്‌ മാത്രം 
പക്ഷേ 
ഉള്ളില്‍ പൂത്താങ്കീരി 
നിര്‍ത്താതെ ചിലച്ചു 

അന്ന്‌ ചിലച്ച പൂത്താങ്കീരി 
മൌനമായിട്ടും 
ഉള്ളില്‍ 
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്‌ സൂക്ഷിച്ചു 

പക്ഷേ 
എപ്പോഴാണ്‌ 
എവിടെയാണ്‌ 
ആ തീപ്പെട്ടിക്കൂട്‌
കളഞ്ഞുപോയത്‌...

Tuesday, March 18, 2014

അശരീരി


തല ചായ്ക്കാന്‍ 
ഒരിലയുടെ തണല്‍ തേടി 
അലഞ്ഞ്‌ തളര്‍ന്ന 
വെയില്‍ ഓര്‍ത്തു, 
ഇവിടെ ഒരു കാടുണ്ടായിരുന്നു 

പരുപരുത്ത ഉടലുകള്‍ 
തമ്മിലുരസി 
മുറിഞ്ഞു നീറുമ്പോള്‍ 
പണ്ട്‌ ഇക്കിളി കൊള്ളിച്ച 
നീര്‍കൈകളെ ഓര്‍ത്തുകൊണ്ട്‌ 
ചെറുകല്ലുകള്‍ പറഞ്ഞു, 
ഇതിലെ ഒരു പുഴ ഒഴുകിയിരുന്നു 

നീരറ്റ്‌ ഉണങ്ങിത്തരിച്ച 
കൊമ്പ്‌ കൊണ്ട്‌ 
നോവുന്ന കാലടികള്‍ 
പൂമ്പൊടിയുടെ മദസ്പര്‍ശം 
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ 
പൂമ്പാറ്റ മൊഴിഞ്ഞു, 
ഈ മരത്തിലും പൂക്കള്‍ വിരിഞ്ഞിരുന്നു 

തലോടി കുളിര്‍പ്പിക്കാന്‍ 
സ്വയം കുളിരണിയാന്‍ 
ജീവനുള്ള ഒരു നാമ്പ്‌ തേടി 
കാറ്റ്‌ നാലുപാടും ചിതറി വീശവേ 
ഒരശരീരി കേട്ടു
ഇവിടെ മനുഷ്യന്‍ ജീവിച്ചിരുന്നു.

Wednesday, March 12, 2014

ഒരു മുത്തശ്ശിക്കഥ


പര്‍വ്വതം പറഞ്ഞു: 
കാറ്റിനെ തടുത്ത്‌ 
നീര്‍വാഹിയായ മേഘങ്ങളെ തടുത്ത്‌ 
താഴ്‌വരയില്‍ മഴപെയ്യിക്കുന്നത്‌ 
ഞാനാണ്‌ 
ഞാനില്ലെങ്കില്‍ 
ഇവിടം മരുപ്പറമ്പാകും 
മനുഷ്യനും സര്‍വ്വ ജീവജാലങ്ങള്‍ക്കും 
സര്‍വ്വനാശം സംഭവിക്കും 

നീര്‍ത്തടങ്ങള്‍ പറഞ്ഞു: 
നീ പെയ്യിക്കുന്ന മഴവെള്ളം 
നേരെ ഒലിച്ച്‌ കടലില്‍ പോകാതെ 
തടഞ്ഞ്‌ നിര്‍ത്തി 
മണ്ണിണ്റ്റെ ഉള്‍ത്തടങ്ങളിലിറക്കി 
കനിവിണ്റ്റെ ഉറവാക്കുന്നത്‌ 
ഞാനാണ്‌ 
നീ എത്ര പെയ്താലും 
ഞാനില്ലെങ്കില്‍ 
ഇവിടം മരുഭൂമി തന്നെ 

അപ്പോള്‍ 
ചെറിയ മനുഷ്യന്‍ വന്നു 
അവന്‍ വന്നത്‌ 
നീണ്ട കോമ്പല്ലും 
കൂര്‍ത്ത നഖങ്ങളുമുള്ള 
ഭീമാകാരനായ 
യന്ത്ര മൃഗത്തിണ്റ്റെ പുറത്തേറിയാണ്‌ 

വളരെ പെട്ടെന്ന്‌ 
പര്‍വ്വതം നിന്നയിടം നിരപ്പായി 
നീര്‍ത്തടങ്ങള്‍ 
മണ്ണട്ടികള്‍ വീണ്‌ തൂര്‍ന്നു 
കനിവിണ്റ്റെ ഉറവകള്‍ 
ശ്വാസം മുട്ടി മരിച്ചു 

യന്ത്രമൃഗത്തിണ്റ്റെ പുറത്തേറി നിന്ന 
ചെറിയ മനുഷ്യന്‍ 
കണ്ണ്‌ കൊണ്ട്‌ 
ഒരു ചോദ്യമെറിഞ്ഞു 
അനന്തരം 
സ്വയം ഒരു ചോദ്യമായി 
മാനം മുട്ടെ ഉയര്‍ന്നു

Monday, February 24, 2014

പരിണാമം

രണ്ട്‌ വാളുകള്‍ 
നിരന്തരം പോരിലായിരുന്നു 
പരസ്പരം വെട്ടി വെട്ടി 
രണ്ടിണ്റ്റേയും 
വാള്‍ത്തല ഒടിഞ്ഞു 

നാളുകള്‍ കഴിയവേ 
പോരടിച്ച്‌ മടുത്ത അവര്‍ക്ക്‌ 
തിരിച്ചറിവുണ്ടായി 
ഇത്രനാളും 
പരസ്പരം പോരടിച്ചതുകൊണ്ട്‌ 
എന്ത്‌ നേട്ടമുണ്ടായി? 
അവര്‍ സ്വയം ചോദിച്ചു 
പിന്നെ അന്യോന്യം ചോദിച്ചു 

പോര്‌ നിര്‍ത്തി 
അവര്‍ ഒന്നായി 
കൂടുതല്‍ തിളക്കമുള്ള 
കൂടുതല്‍ കനമുള്ള 
മുനയൊടിയാത്ത വാള്‍ത്തലയുള്ള 
ഒരു വാള്‌ 

അപ്പോഴാണ്‌ 
ദൂരെ 
പുതിയൊരു വാള്‍ത്തല ഉയരുന്നത്‌ 
അവന്‍ കണ്ടത്‌ 
വര്‍ദ്ധിതവീര്യത്തോടെ 
കൂടുതല്‍ ശക്തിയോടെ 
രാകിമിനുക്കിയ മൂര്‍ച്ചയോടെ 
പുതിയ ശത്രുവിണ്റ്റെ നേരെ 
അവന്‍ മുന്നോട്ട്‌ നീങ്ങി
പുതിയൊരു പോരിനായി.

Sunday, February 23, 2014

പരിണാമം


രണ്ട്‌ വാളുകള്‍ 
നിരന്തരം പോരിലായിരുന്നു 
പരസ്പരം വെട്ടി വെട്ടി 
രണ്ടിണ്റ്റേയും വാള്‍ത്തല ഒടിഞ്ഞു 

നാളുകള്‍ കഴിയവേ 
പോരടിച്ച്‌ മടുത്ത അവര്‍ക്ക്‌ 
തിരിച്ചറിവുണ്ടായി 
ഇത്രനാളും 
പരസ്പരം പോരടിച്ചതുകൊണ്ട്‌ 
എന്ത്‌ നേട്ടമുണ്ടായി? 
അവര്‍ സ്വയം ചോദിച്ചു 
പിന്നെ അന്യോന്യം ചോദിച്ചു 

പോര്‌ നിര്‍ത്തി 
അവര്‍ ഒന്നായി 
കൂടുതല്‍ തിളക്കമുള്ള 
കൂടുതല്‍ കനമുള്ള 
മുനയൊടിയാത്ത വാള്‍ത്തലയുള്ള 
ഒരു വാള്‌ 

അപ്പോഴാണ്‌ 
ദൂരെ 
പുതിയൊരു വാള്‍ത്തല ഉയരുന്നത്‌ 
അവന്‍ കണ്ടത്‌ 
വര്‍ദ്ധിതവീര്യത്തോടെ 
കൂടുതല്‍ ശക്തിയോടെ 
രാകിമിനുക്കിയ മൂര്‍ച്ചയോടെ 
പുതിയ ശത്രുവിണ്റ്റെ നേരെ 
അവന്‍ മുന്നോട്ട്‌ നീങ്ങി
പുതിയൊരു പോരിനായി.

Wednesday, February 12, 2014

കാഴ്ചക്കപ്പുറം


മുഖപടം മറയ്ക്കുന്നുണ്ട്‌ 
ഒരു മുഖം 
എന്നാല്‍ തെളിയുന്നുണ്ട്‌ 
ഒരു നൂറ്‌ കണ്ണുകളിലെ പിടപ്പ്‌ 
കവിളുകളിലെ തുടുപ്പ്‌ 
ചുണ്ടുകളിലെ ചോപ്പ്‌ 

തുറക്കാത്ത തിരശ്ശീലയ്ക്ക്‌ പിന്നില്‍ 
ഒന്നല്ല
പലതാണ്‌ നാടകം

വിളമ്പാവതല്ല 
അടഞ്ഞിരിക്കുന്ന പാത്രം 
നാവിലറിയിക്കുന്ന
രുചി തന്‍ മേളം

അടഞ്ഞുകിടക്കുന്ന 
ഓരോ വതിലിനപ്പുറത്തുമുണ്ട്‌ 
ഭാവനകളുടെ ഇണചേരല്‍ 

കാഴ്ചകളുടെ 
ആധിക്യം കൊണ്ടായിരിക്കുമോ 
അന്ധണ്റ്റെ കണ്ണുകള്‍ 
അടഞ്ഞുതന്നെയിരിക്കുന്നത്‌...