Friday, January 29, 2010

നടത്തം

നടക്കുന്നത്‌
രണ്ട്‌ കാലിലല്ല
വഴിയിലും വരമ്പിലുമല്ല

കൂടെയുണ്ട്‌
ഒരു നാട്ടുമാവിന്‍ തണലും
ഇത്തിരി നിലാക്കുളിരും
ഏത്‌ നട്ടുച്ചയ്ക്കും.

നിരത്തുവക്കില്‍
ഇപ്പോള്‍ ഇല്ലാത്ത
ഓലക്കുടിലില്‍ നിന്നുയരുന്നുണ്ട്‌
ശേഖരേട്ടണ്റ്റെ
ഇരുന്നൂറ്‌ മില്ലി തെറി.

ബാറിലെ അട്ടഹാസങ്ങള്‍ക്കിടയിലും
കാതില്‍ വീഴുന്നത്‌
വേലായുധേട്ടണ്റ്റെ
തെങ്ങിന്‍ കള്ള്‌ മണക്കുന്ന
ഒരു പ്രണയഗാനം.

നികത്തി ടാര്‍ ചെയ്ത
കുണ്ടനിടവഴിയുടെ വക്കില്‍
പൂക്കാത്ത കൊന്നയ്ക്ക്‌
പൂ ചൂടിച്ച്‌ നില്‍പാണ്‌
പാവാടയും ജമ്പറുമിട്ട
ഒരു പുഞ്ചിരി.

കാതില്‍ അലയ്ക്കുന്നുണ്ട്‌
തീവണ്ടിയുടെ നിര്‍ത്താത്ത കൂക്കിവിളിയില്‍
പിളര്‍ന്നുപോയ
ഒരു പശുക്കുട്ടിയുടെ നിലവിളി.

മാറാപ്പില്‍
പരാതികള്‍, പരിഭവക്കുറുകലുകള്‍
ഓഫീസിലെ
അശ്ളീലം തെറിക്കുന്ന തുപ്പലുകള്‍
നീറിക്കിടപ്പുണ്ട്‌
"കൊതിക്കല്ലുകള്‍ വന്നുകൊണ്ട*
ഉടല്‍മിനുപ്പിണ്റ്റെ മുറിവായകള്‍"

നില്‍ക്കുന്നില്ല
നടത്തം തുടരുന്നു.
.........

*സെറീനയുടെ 'ഉപ്പിലിട്ടത്‌' എന്ന കവിതയില്‍ നിന്ന്‌.