Friday, July 17, 2009

ചരടുകളെപ്പറ്റി

ഓര്‍മയിലെ ആദ്യത്തെ ചരട്‌
അമ്മ അരയില്‍ കെട്ടിത്തന്ന ഒന്നാണ്‌;
കറുത്ത്‌ ഞാഞ്ഞൂല്‍ വണ്ണത്തില്‍.
പലയാവര്‍ത്തി അഴിച്ചുകളഞ്ഞിട്ടും
അമ്മ വീണ്ടും വീണ്ടും കെട്ടിക്കൊണ്ടിരുന്നു.
പറിച്ചുകളയാനാവാത്ത ഒരലോസരമായി
അത്‌ ഉടലില്‍ പറ്റിക്കിടന്നു.

പിന്നീടൊരിക്കല്‍
പനിച്ചൂടില്‍ പിച്ചും പേയും പറഞ്ഞപ്പോള്‍
അയലത്തെ കാളിയമ്മ
ജപിച്ചൂതി കൈയില്‍ കെട്ടീആശ്വാസച്ചരട്‌.

മുതിര്‍ന്നപ്പോള്‍
അരയിലേയും കൈയിലേയും ചരടുകള്‍ അഴിച്ചുകളഞ്ഞ്‌
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

പക്ഷെ അപ്പോഴേക്കും.....
ഏതെല്ലാം ചരടുകള്‍!
ഏവര്‍ക്കും ഹിതമായ ചരടുകള്‍
വിഹിതമായ്‌ കിട്ടുന്ന ചരടുകള്‍
അവിഹിതമായ്‌ മാറുന്ന കാണാച്ചരടുകള്‍
‍അഴിയാക്കുരുക്കായ്‌ മഞ്ഞച്ചരടുകള്‍.

ഉടലിനു മുമ്പെ ചരടുകള്‍ ഉണ്ടെന്നും
ഉടല്‍ ഉരുകിയാലും അതഴിയുന്നില്ലെന്നുമുള്ള അറിവ്‌
മറ്റൊരു ചരടായി.

അനന്തതയെ തൊടാന്‍ ആയുമ്പോഴും
പട്ടത്തിണ്റ്റെ ചരട്‌ തന്നിലാണെന്ന്‌
അഹങ്കരിച്ച വിരല്‍
മണ്ണില്‍ തറച്ചൊരു കുറ്റിയും
അതില്‍ കുരുക്കിയ കയറുംകാണാതെ പോയി.

***