Wednesday, September 5, 2012

ആത്മഭാഷണം


റബര്‍ ഉറ 

പണ്ട്‌ 
അന്ത:പുരത്തിണ്റ്റെ 
കൊട്ടിയടച്ച വാതായനങ്ങള്‍ക്ക്‌ 
കാവലിരുന്നൂ, ഹിജഡകള്‍ 
ഇന്ന്‌ 
പ്രണയിക്കുന്ന കോശങ്ങളുടെ സംഗമം 
തടഞ്ഞുനില്‍പ്പാണ്‌
ഞാന്‍. 

പ്ളാസ്റ്റിക്‌ കവര്‍ 

ഉള്ളില്‍ 
മുല്ലപ്പൂക്കളെ ഏറ്റുവാങ്ങാറുണ്ട്‌ 
പക്ഷേ 
പ്രണയമണം  നുകരാന്‍
 എനിക്കാവില്ല. 

മുഴുത്ത തക്കാളി കവിളില്‍ 
കവിളുരുമ്മി തുടുക്കാനും 
വെണ്ടയ്ക്കയുടെ പച്ചമണത്തില്‍ 
ഉന്‍മേഷം കൊള്ളാനും 
ആശയുണ്ട്‌. 

ഉള്ളിയോട്‌ ചേര്‍ന്ന്‌ 
കണ്ണീര്‍ തൂവാനും മൂക്ക്‌ ചീറ്റാനും 
അറുത്ത്‌ തള്ളിയ കോഴിയുടെ 
കണ്ഠത്തില്‍ നിലച്ചുപോയ അവസാന വാക്കിന്‌ 
കാത്‌ കൊടുക്കാനും
എനിക്കാവില്ല. 

വെയിലില്‍ വാടിത്തളര്‍ന്നുറങ്ങാനും 
ഇക്കിളിയിടുന്ന മഴവിരലുകളില്‍ 
കുതിര്‍ന്ന്‌ തുളുമ്പാനുമാവാതെ 

ചൂളയില്‍ തിളച്ചുരുകി 
പലരൂപങ്ങളില്‍ 
 പലവര്‍ണ്ണങ്ങളില്‍ 
വീണ്ടും വീണ്ടും 
ജന്‍മമെടുത്തുകൊണ്ടേയിരിക്കുന്നു 
ഒരിക്കലും കിട്ടാത്ത മോക്ഷം കാത്ത്‌ 
ദ്രവിയ്ക്കാതെ നശിക്കാതെ
മണ്ണിലലിയാനാവാതെ....