Saturday, January 24, 2009

യെഹൂദാ അമിചായ്‌

ദൈവത്തിന്‌ നഴ്സറിക്കുരുന്നുകളുടെമേല്‍ കരുണയുണ്ട്‌.


ദൈവത്തിന്‌നഴ്സറിക്കുരുന്നുകളുടെമേല്‍ കരുണയുണ്ട്‌.
സ്കൂള്‍കുട്ടികളുടെമേല്‍ കരുണയേറെയില്ല.
മുതിര്‍ന്നവരുടെമേല്‍...ഇല്ലതന്നെ.
അവന്‍ അവരെ തനിയേ വിടുന്നു.

ചിലപ്പോള്‍
പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്താന്‍ ചുട്ടുപൊള്ളുന്ന മണലില്‍
ചോരയില്‍കുളിച്ച്‌അവര്‍ നാലുകാലില്‍ ഇഴയണം.

ഒരുപക്ഷേഅവന്‍ പ്രണയികള്‍ക്ക്‌ കാവല്‍ നില്‍ക്കും.
അവരില്‍ ദയതോന്നി അവര്‍ക്കഭയം നല്‍കും,
പാതയോരത്ത്‌ ഉറങ്ങുന്ന വൃദ്ധനുമേല്‍ു
‍ഒരു വൃക്ഷം എന്ന പോലെ.

ചിലപ്പോള്‍ നമ്മളും
അമ്മ നമ്മെയേല്‍പ്പിച്ച
അനുകമ്പയുടെ അമൂല്യനാണയങ്ങള്‍ അവര്‍ക്ക്‌ നല്‍കും
അവരുടെ ആഹ്ളാദംനമുക്കെപ്പോഴും തുണയാകുമല്ലോ.
.....

യുദ്ധത്തില്‍ മരണപ്പെട്ടവര്‍ക്കായി ഒരു വിലാപഗീതം


ഇതെല്ലാമാണോ ദുഖം?
എനിയ്കറിയില്ല.

ജീവനുള്ളവനെപ്പോലെ വേഷം ധരിച്ച്‌
ഞാന്‍ സെമിത്തേരിയില്‍ നിന്നു.
തവിട്ടുനിറത്തിലുള്ള കാലുറയും
സൂര്യനെപ്പോലെ മഞ്ഞയായ കുപ്പായവും.

സെമിത്തേരികള്‍ചിലവുകുറഞ്ഞ ഇടങ്ങളാണ്‌.
അവ നമ്മോട്‌ കൂടുതല്‍ ആവശ്യപ്പെടില്ല.
ചവറ്റുകുട്ടകള്‍പോലും ചെറുതാണ്‌
കടകളില്‍നിന്ന്‌ പൂക്കള്‍ പൊതിഞ്ഞുകൊണ്ടുവരുന്നകടലാസുകള്‍ക്കു വേണ്ടി മാത്രം.

സെമിത്തേരികള്‍മര്യാദയും
ചിട്ടയും ഉള്ളവയാണ്‌.

'ഞാന്‍ ഒരിക്കലും നിന്നെ മറക്കില്ല'
ഫ്രെഞ്ചില്‍, ഒരു ചെറിയ സെറാമിക്‌ ഫലകത്തില്‍.
ഒരിക്കലും മറക്കാത്ത അവന്‍ ആരാണാവോ?
അവന്‍പരേതനേക്കാള്‍ അജ്ഞാതന്‍.

ഇതെല്ലാമാണോ ദുഖം?
എന്നു തോന്നുന്നു.

'ജന്‍മനാട്‌ പണിതുയര്‍ത്തുന്നതില്‍നീ സാന്ത്വനം നേടൂ.. '
പക്ഷെ
സാന്ത്വനം, നിര്‍മാണം, മരണം
ഇവയുടെ കരാളമായ പന്തയത്തില്‍
സ്വയം പിന്നിലാകാതെ
ജന്‍മനാട്‌ പണിതുയര്‍ത്തുന്നതില്‍ എത്രനാള്‍ നിനക്ക്‌ തുടരാന്‍ പറ്റും?

അതെ, ഇതുതന്നെയാണ്‌ ദുഖം.

എങ്കിലും കുറച്ചു സ്നേഹം നിന്നില്‍
പൊലിയാതെ നിര്‍ത്തുക;
അറയില്‍ ഉറങ്ങുന്ന ശിശുവിണ്റ്റെ ചാരെ
എന്താണെന്നും എവിടെനിന്ന്‌ വരുന്നെന്നും അവന്‌ അറിയില്ലെങ്കിലും
സുരക്ഷിതത്വവും
സൌമ്യമായ സ്നേഹവും നല്‍കിക്കൊണ്ട്‌
തെളിഞ്ഞിരിക്കുന്ന വൈദ്യുതദീപം പോലെ.
....
മൊഴിമാറ്റം: ടി. വിനോദ്‌ കുമാര്‍.
....

ജര്‍മനിയില്‍ ജനിച്ച്‌ പലസ്തീനിലേക്ക്‌ കുടിയേറിയ അമിചായ്‌ ഹീബ്രുവില്‍ കവിതകള്‍ എഴുതി. രണ്ടാം ലോകമഹായുദ്ധത്തിലും ഇസ്രായേലിണ്റ്റെ സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്ത്‌ യുദ്ധം ചെയ്തെങ്കിലും പിന്നീട്‌ സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി യുദ്ധവിരുദ്ധ നിലപാടുകള്‍ കവിതകളില്‍ എടുത്തു. അറബ്‌ കവികളുമായുള്ള കൂട്ടായ്മകളില്‍ പങ്കെടുത്തു. രണ്ടായിരാമാണ്ടില്‍ മരിച്ചു.

5 comments:

...പകല്‍കിനാവന്‍...daYdreamEr... said...

'ജന്‍മനാട്‌ പണിതുയര്‍ത്തുന്നതില്‍നീ സാന്ത്വനം നേടൂ.. '
പക്ഷെ
സാന്ത്വനം, നിര്‍മാണം, മരണം
ഇവയുടെ കരാളമായ പന്തയത്തില്‍
സ്വയം പിന്നിലാകാതെ
ജന്‍മനാട്‌ പണിതുയര്‍ത്തുന്നതില്‍ എത്രനാള്‍ നിനക്ക്‌ തുടരാന്‍ പറ്റും?

അതെ, ഇതുതന്നെയാണ്‌ ദുഖം.

നന്ദിയുണ്ട് വായന ഒരുക്കിയതിനു... ഒപ്പം ആശംസകള്‍ ടി. വിനോദ്‌ കുമാറിന്...നന്നായിരിക്കുന്നു...

രണ്‍ജിത് ചെമ്മാട്. said...

നന്ദി മാഷേ....
വ്യത്യസ്ഥമായ ഈ വായനയ്ക്ക്
നമ്മുടെ ടി.പി. വിനോദ് കുമാറല്ലല്ലോ?

Thallasseri said...

No. This is Vinodkumar Thallasseri

പെണ്‍കൊടി said...

വ്യത്യസ്തതയുണ്ട്...
കൊള്ളാം..

- പെണ്‍കൊടി...

jwalamughi said...

ഈ പരിചയപ്പെടുത്തലിനു നന്ദി..