Friday, July 17, 2009

ചരടുകളെപ്പറ്റി

ഓര്‍മയിലെ ആദ്യത്തെ ചരട്‌
അമ്മ അരയില്‍ കെട്ടിത്തന്ന ഒന്നാണ്‌;
കറുത്ത്‌ ഞാഞ്ഞൂല്‍ വണ്ണത്തില്‍.
പലയാവര്‍ത്തി അഴിച്ചുകളഞ്ഞിട്ടും
അമ്മ വീണ്ടും വീണ്ടും കെട്ടിക്കൊണ്ടിരുന്നു.
പറിച്ചുകളയാനാവാത്ത ഒരലോസരമായി
അത്‌ ഉടലില്‍ പറ്റിക്കിടന്നു.

പിന്നീടൊരിക്കല്‍
പനിച്ചൂടില്‍ പിച്ചും പേയും പറഞ്ഞപ്പോള്‍
അയലത്തെ കാളിയമ്മ
ജപിച്ചൂതി കൈയില്‍ കെട്ടീആശ്വാസച്ചരട്‌.

മുതിര്‍ന്നപ്പോള്‍
അരയിലേയും കൈയിലേയും ചരടുകള്‍ അഴിച്ചുകളഞ്ഞ്‌
സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

പക്ഷെ അപ്പോഴേക്കും.....
ഏതെല്ലാം ചരടുകള്‍!
ഏവര്‍ക്കും ഹിതമായ ചരടുകള്‍
വിഹിതമായ്‌ കിട്ടുന്ന ചരടുകള്‍
അവിഹിതമായ്‌ മാറുന്ന കാണാച്ചരടുകള്‍
‍അഴിയാക്കുരുക്കായ്‌ മഞ്ഞച്ചരടുകള്‍.

ഉടലിനു മുമ്പെ ചരടുകള്‍ ഉണ്ടെന്നും
ഉടല്‍ ഉരുകിയാലും അതഴിയുന്നില്ലെന്നുമുള്ള അറിവ്‌
മറ്റൊരു ചരടായി.

അനന്തതയെ തൊടാന്‍ ആയുമ്പോഴും
പട്ടത്തിണ്റ്റെ ചരട്‌ തന്നിലാണെന്ന്‌
അഹങ്കരിച്ച വിരല്‍
മണ്ണില്‍ തറച്ചൊരു കുറ്റിയും
അതില്‍ കുരുക്കിയ കയറുംകാണാതെ പോയി.

***

17 comments:

Thallasseri said...

അനന്തതയെ തൊടാന്‍ ആയുമ്പോഴും
പട്ടത്തിണ്റ്റെ ചരട്‌ തന്നിലാണെന്ന്‌
അഹങ്കരിച്ച വിരല്‍
മണ്ണില്‍ തറച്ചൊരു കുറ്റിയും
അതില്‍ കുരുക്കിയ കയറുംകാണാതെ പോയി.

താരകൻ said...

ഉടലിനു മുമ്പെ ചരടുകള്‍ ഉണ്ടെന്നും
ഉടല്‍ ഉരുകിയാലും അതഴിയുന്നില്ലെന്നുമുള്ള അറിവ്‌
മറ്റൊരു ചരടായി.വളരെ നല്ലവരികൾ..പ്രപഞ്ചത്തെ കുറിച്ചുള്ള സ്ട്രിംഗ് തിയറിയും ആലോചിച്ചുപോയി.ആ‍ശംസകൾ

അരുണ്‍ ചുള്ളിക്കല്‍ said...

വിനുവേട്ട ഒരു ചരട് കൂടി ഉണ്ട്. നിവര്ന്നൊരു നാള്‍ കിടക്കുമ്പോള്‍ കാലില്‍ രണ്ടു തള്ളവിരലുകളും ചേര്‍ത്തു വെക്കുന്ന ചരട്...

നല്ല ആശയം...നല്ല അവതരണം

the man to walk with said...

ishtaayi

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരിക്കലും അഴിച്ചുകളയാന്‍ പറ്റാത്ത കാണാച്ചരടുകളുടെ ബന്ധനത്തില്‍ തന്നെയല്ലെ എന്നും?

ശ്രീ said...

നന്നായിരിയ്ക്കുന്നു.

കുമാരന്‍ | kumaran said...

nannaayittunt.

khader patteppadam said...

ആശയം നന്ന്‍. പക്ഷേ,കവിത അതിമനോഹരം എന്നു പറയാന്‍ തോന്നുന്നില്ല. കൂടുതല്‍ നല്ലതിനായി കാത്തിരിക്കുന്നു.

Thallasseri said...

അരുണ്‍, ശരിയാണ്‌. അതും മറ്റു ചിലതും മനസ്സിലുണ്ടായിരുന്നു. വല്ലാതെ നീണ്ടുപോവും എന്ന തോന്നലില്‍ ഒഴിവാക്കി.

രാമചന്ദ്രന്‌, അതു തന്നെയാണ്‌ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്‌.

ഖാദര്‍, വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.

എല്ലാവര്‍ക്കും നന്ദി.

വയനാടന്‍ said...

ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ചരടുകളുടെ തുടക്കമെവിടെയെന്നന്വേഷിച്ചു ഞാനും നിങ്ങളും....
നന്നായിരിക്കുന്നു

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nalla aTayaLangaL!!
kaampulla kavitha.

എന്‍.മുരാരി ശംഭു said...

ചരടുകള്‍ ഗംഭീരമായി.അഴിക്കുന്തോറും മുറുകൗന്ന ചരടൂകളാല്‍ കെട്ടു പിണഞ്ഞു കിടക്കുന്നു ജീവിതം.എന്തു ചെയ്യാം

കണ്ണുകള്‍ said...

ഇനിയും കാണാത്ത എത്രയോ ചരടുകള്‍..
നമ്മള്‍..പാവകള്‍
നമുക്കുപിന്നില്‍ ആരൊ ഒരാള്‍..

കവിതയെക്കുറിച്ച്‌- നന്ന്‌

Layana said...

വയനാടന്‍, ജിതേന്ദ്ര, മുരാരി ശംഭു, കണ്ണുകള്‍.... എല്ലാവര്‍ക്കും നന്ദി.

അഭിജിത്ത് മടിക്കുന്ന് said...

...
ചരുടുകള്‍ പൊട്ടിച്ചെറിയാന്‍ കൊതിക്കുന്നവര്‍ ഒരു ചരടിന്റെ തുമ്പില്‍ ജീവിതം തീര്‍ക്കുന്നു.ജീവിത നാടകത്തിന്റെ കര്‍ട്ടന്‍ വലിക്കുന്നത് എങ്ങോ നിന്നുള്ള മറ്റൊരു ചരട്.കവിത മനോഹരം.നല്ല തന്തു.ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

അരുണ്‍  said...

ചരടുകള്‍ക്കുള്ളിലെന്നും ഒരു ജീവിതം കുടുങ്ങികിടക്കുന്നു അല്ലേ..??

ഷിനില്‍ നെടുങ്ങാട് said...

‘ചരടുകള്‍” മനോഹരമായ അനുഭവമായിരുന്നു...