Wednesday, March 12, 2014

ഒരു മുത്തശ്ശിക്കഥ














പര്‍വ്വതം പറഞ്ഞു: 
കാറ്റിനെ തടുത്ത്‌ 
നീര്‍വാഹിയായ മേഘങ്ങളെ തടുത്ത്‌ 
താഴ്‌വരയില്‍ മഴപെയ്യിക്കുന്നത്‌ 
ഞാനാണ്‌ 
ഞാനില്ലെങ്കില്‍ 
ഇവിടം മരുപ്പറമ്പാകും 
മനുഷ്യനും സര്‍വ്വ ജീവജാലങ്ങള്‍ക്കും 
സര്‍വ്വനാശം സംഭവിക്കും 

നീര്‍ത്തടങ്ങള്‍ പറഞ്ഞു: 
നീ പെയ്യിക്കുന്ന മഴവെള്ളം 
നേരെ ഒലിച്ച്‌ കടലില്‍ പോകാതെ 
തടഞ്ഞ്‌ നിര്‍ത്തി 
മണ്ണിണ്റ്റെ ഉള്‍ത്തടങ്ങളിലിറക്കി 
കനിവിണ്റ്റെ ഉറവാക്കുന്നത്‌ 
ഞാനാണ്‌ 
നീ എത്ര പെയ്താലും 
ഞാനില്ലെങ്കില്‍ 
ഇവിടം മരുഭൂമി തന്നെ 

അപ്പോള്‍ 
ചെറിയ മനുഷ്യന്‍ വന്നു 
അവന്‍ വന്നത്‌ 
നീണ്ട കോമ്പല്ലും 
കൂര്‍ത്ത നഖങ്ങളുമുള്ള 
ഭീമാകാരനായ 
യന്ത്ര മൃഗത്തിണ്റ്റെ പുറത്തേറിയാണ്‌ 

വളരെ പെട്ടെന്ന്‌ 
പര്‍വ്വതം നിന്നയിടം നിരപ്പായി 
നീര്‍ത്തടങ്ങള്‍ 
മണ്ണട്ടികള്‍ വീണ്‌ തൂര്‍ന്നു 
കനിവിണ്റ്റെ ഉറവകള്‍ 
ശ്വാസം മുട്ടി മരിച്ചു 

യന്ത്രമൃഗത്തിണ്റ്റെ പുറത്തേറി നിന്ന 
ചെറിയ മനുഷ്യന്‍ 
കണ്ണ്‌ കൊണ്ട്‌ 
ഒരു ചോദ്യമെറിഞ്ഞു 
അനന്തരം 
സ്വയം ഒരു ചോദ്യമായി 
മാനം മുട്ടെ ഉയര്‍ന്നു

5 comments:

ബൈജു മണിയങ്കാല said...

അത് മനോഹരം കാടും മേടും കുന്നുകളും തണ്ണീർ തടങ്ങളും എല്ലാം എല്ലാം നമ്മളിൽ നിന്ന് എത്ര അകന്നു ഇഷ്ടം എഴുത്ത് രീതി

Vinodkumar Thallasseri said...

Tks baiju..

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭൂമിയുടെ വ്യാപ്തിയെക്കാള്‍ കൂടുതലാണ് മനുഷ്യന്റെ ആര്‍ത്തി..

Vinodkumar Thallasseri said...

അസൂയക്കും കഷണ്ടിക്കുമെന്ന പോലെ ആര്‍ത്തിക്കുമില്ല മരുന്ന്‌.

Muralee Mukundan , ബിലാത്തിപട്ടണം said...

ആർത്തി പണ്ടാരമായ മാനവരിൽ നിന്നും
എല്ലാം അകന്ന് പോയി കൊണ്ടിരിക്കുന്നൂ...