Friday, November 15, 2013

അപായം

നീങ്ങിത്തുടങ്ങിയിരുന്ന തീവണ്ടി
പെട്ടെന്ന്‌ നിന്നു
ആരോ അപായചങ്ങല വലിച്ചെന്ന്‌ തോന്നുന്നു
ആര്‍ക്കോ വണ്ടി തട്ടിയതായിരിക്കാം

തീവണ്ടി മുന്നോട്ട്‌ പായവേ
പിന്നോട്ട്‌,
ഓര്‍മ്മയിലേയ്ക്ക്‌,
വിസ്മൃതിയിലേക്ക്‌
ഒരു നിശ്ചയം
 ഊളിയിട്ടതായിരിക്കുമോ
അതോ
മുന്നോട്ടുള്ള യാത്രയില്‍
ഇനി നീ വേണ്ടെന്ന ചിന്തയാകുമോ
 ഒരു തള്ളലായ്‌ താഴെ വീണത്‌

മരുന്നിണ്റ്റെ കുറിപ്പടിയുമായി
ആസ്പത്രിയില്‍ നിന്ന്‌
 വൃദ്ധസദനത്തിലേക്കുള്ള യാത്രയില്‍
തീവണ്ടി വരുന്നത്‌ കാണാതെ
നിര്‍ത്താതെയുള്ള ഹോണടി കേള്‍ക്കാതെ
ഒരാള്‍

മനസ്സില്‍ കെട്ടിയ കൊട്ടാരം
മണ്ണില്‍ ഉയര്‍ത്താനാവാതെ
തളര്‍ന്ന മുഖത്തോടെ
കുനിഞ്ഞ ശിരസ്സോടെ
ഒരു മദ്ധ്യവയസ്കന്‍

മഴവില്ലിനെ എത്തിപ്പിടിക്കാനാഞ്ഞപ്പോള്‍
അടിതെറ്റിയ യുവാവ്‌

മാറത്തടുക്കി പിടിച്ച പുസ്തകത്താളില്‍
പെറാത്ത മയില്‍പീലി* സൂക്ഷിച്ച
പെണ്‍കുട്ടി

തുറന്നുതന്നെയിരിക്കുന്ന കണ്ണുകളില്‍
രണ്ട്‌ കോമ്പല്ലുകളുടെ
നിശ്ചല പ്രതിഫലനവുമായി
ഒരു യുവതി

ആരായിരിക്കും?

നിര്‍ത്തിയ തീവണ്ടി നീങ്ങിത്തുടങ്ങി.

******

* എ. അയ്യപ്പന്‌ സ്തുതി

7 comments:

സൈനുദ്ധീന്‍ ഖുറൈഷി said...

നന്നായി.
ഒരു പക്ഷെ തീവണ്ടികള്‍ക്ക് ഹൃദയമുണ്ടായിരുന്നെങ്കില്‍....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വളരെ നന്നായി.. [മൊബെല്‍ ഫോണിന്റെ വാലും കാതില്‍ തിരുകി ധ്രുത താളത്തില്‍ തലകുലുക്കുന്ന യൌവനത്തെ മറന്നോ? :)]

mini//മിനി said...

ഏതാനും മാസം മുൻപ് ഒരു എഞ്ചിൻ ഡ്രൈവറെ പരിചയപ്പെട്ടു. 70ൽ അധികം കൊലപാതക,, മരണങ്ങൾക്ക് സാക്ഷിയായ അയാളുടെ അനുഭവം ബ്ലോഗിൽ എഴുതാൻ ശ്രമം നടത്തുകയാണ്.

Vinodkumar Thallasseri said...

ഖുറൈഷി, നന്ദി.

മിനിടീച്ചര്‍ എണ്റ്റെ ഓര്‍മ്മപ്പാളങ്ങള്‍ വായിച്ചിരുന്നോ? റെയില്‍ പാളത്തിന്‌ സമീപം താമസിച്ച എണ്റ്റെ ഓര്‍മ്മകള്‍.

ജിതേന്ദ്ര ശരിയാണ്‌ അങ്ങനെ ഒരു കാര്യം ഞാന്‍ വിട്ടുപോയി. ചേര്‍ക്കാന്‍ നോക്കട്ടെ.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പാളത്തില്‍ ചിതറുന്ന ജീവിതം..

ബൈജു മണിയങ്കാല said...

നല്ല കവിത വരികൾ.. ഒരിക്കലും പിറകോട്ടു പോകാത്ത സമയം തട്ടി മരിക്കുന്ന യാത്രക്കാർ
അനുവാദത്തോടെ ആർക്കോ എന്നുള്ളത് ആരെയോ എന്ന് സ്വയം തിരുത്തി വായിച്ചിട്ടുണ്ട് ക്ഷമിക്കുക
സ്നേഹപൂർവ്വം

Vinodkumar Thallasseri said...

ബൈജു, നന്ദി നല്ല വാക്കുകള്‍ക്ക്‌. അതിലേറെ നന്ദി, എണ്റ്റെ ഒരു ശരികേട്‌ ചൂണ്ടിക്കാണിച്ചതിന്‌.