Wednesday, August 5, 2009

കറുപ്പ്‌

കറുപ്പ്‌ ഒരു നിറമല്ല.
കാണാനാവാത്ത,
തൊട്ടാല്‍ ഇല്ലാത്തഒരു വേലി.
ബഹിഷ്കൃതണ്റ്റെ മൌനം,
പരാജിതണ്റ്റെ ഉള്‍വലിവ്‌.
എത്ര മറച്ചാലും പുറത്ത്‌ കാണുന്ന
അടിപ്പാവാടയുടെ തുമ്പിലെ കീറല്‍ പോലെ.

കറുപ്പ്‌
ഒരു മേല്‍ വിലാസമാണ്‌
അത്‌ ചിലപ്പോള്‍ഇരുണ്ട ഭൂഖണ്‌ഠത്തിലേയ്ക്‌ നയിക്കുന്നു.
ചിലപ്പോള്‍ നമ്മെ വെളുപ്പിച്ച്‌ വെളുപ്പിച്ച്‌
കരുവാളിച്ചുപോയകരിന്തൊലിയിലേയ്ക്‌.

വിളറിയ വെളുപ്പിനെ
വെള്ളക്കച്ച കൊണ്ട്‌ മൂടിയാലും
മരണം കറുപ്പാണ്‌.

കറുപ്പ്‌
കരിങ്കണ്ണായ്‌
കരിനാക്കായ്‌
സ്വൈരം കെടുത്തുന്നു
എന്നാല്‍
കരിങ്കൂവളമായ്‌ കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്‌ പ്രണയിക്കുന്നില്ല.

കറുപ്പില്‍
ചുരുട്ടിയ ഒരു മുഷ്ടി ഉണ്ട്‌,
ജമൈക്കയില്‍നിന്നുള്ള *വിലാപമുണ്ട്‌,
തൊലിയില്‍ മുറുകുന്ന ചങ്ങലയുടെ നീറ്റലുണ്ട്‌.

എങ്കിലും
കറുപ്പ്‌ പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌ ഉണ്‍മയെന്നും
വെളിച്ചം അധിനിവേശമാണെന്നും.

*The Wailors

12 comments:

Vinodkumar Thallasseri said...

എങ്കിലും
കറുപ്പ്‌ പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌ ഉണ്‍മയെന്നും
വെളിച്ചം അധിനിവേശമാണെന്നും.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"കറുപ്പ്‌ പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌ ഉണ്‍മയെന്നും
വെളിച്ചം അധിനിവേശമാണെന്നും."
ഇതിനെപ്പറ്റി `വെളുപ്പി'നു പറയാനുള്ളതു കൂടി കേള്‍ക്കണ്ടേ?

എന്തായാലും കവിത സൂപ്പര്‍ ...

അഭിജിത്ത് മടിക്കുന്ന് said...

കറുപ്പ് ഒരു നിറമല്ലെന്നു നമ്മുടെ സമൂഹം മനസിലാക്കുന്നില്ലല്ലോ?നിറങ്ങളെയെല്ലാം വിഴുങ്ങാന്‍ കെല്‍പുള്ളവനാണ് കറുപ്പ്.
കറുപ്പിനെ പറ്റി അങ്ങ് ഏതോ ഒരു പോസ്റ്റിനു കമന്റ്‌ എഴുതിയിരുന്നത് കണ്ടിരുന്നു.പക്ഷെ അത് ഇത്ര പെട്ടെന്ന് കവിതയായി പുറത്തു വരുമെന്ന് കരുതിയില്ല.ഏതായാലും നന്നായി.കറുപ്പിന്റെ മറ്റൊരു മുഖം വെളിച്ചത്തു കൊണ്ട് വന്നതിനു നന്ദി.

naakila said...

കറുപ്പിന്റെ പ്രത്യയശാസ്ത്രം
നന്നായി

Vinodkumar Thallasseri said...

അഭിജിത്‌, അങ്ങനെയല്ല. ഈ കവിത ഞാന്‍ നേരത്തേ എഴുതിയതാണ്‌. ഇന്ദ്രപ്രസ്ഥംകവിതകളില്‍ പോസ്റ്റ്‌ ചെയ്തതുമാണ്‌. അപ്പോഴാണ്‌ തേജസ്വിനിയുടെ ആ പോസ്റ്റ്‌ കണ്ടതും, അതിന്‌ കമണ്റ്റ്‌ എഴുതിയതും.

ജിതേന്ദ്ര, അനീഷ്‌, നന്ദി.

തേജസ്വിനി said...

കറുപ്പ് നിറമല്ല തന്നെ!
എനിക്ക് ശരിക്കും ഇഷ്ടായി....

കണ്ണുകള്‍ said...

ഒന്നിനെയും പ്രതിഫലിപ്പിക്കാതെ
എല്ലാത്തിനെയും ആവാഹിക്കുന്ന കറുപ്പ്‌
എല്ലാം ഉള്ളിലോതുക്കുന്ന കറുപ്പ്‌
നന്നായിട്ടുണ്ടു കവിത

Deepa Bijo Alexander said...

"എങ്കിലും
കറുപ്പ്‌ പറയാതെ പറയുന്നുണ്ട്‌
ഇരുട്ടാണ്‌ ഉണ്‍മയെന്നും
വെളിച്ചം അധിനിവേശമാണെന്നും."


കറുപ്പ്‌ ഒരു നിറമല്ല.....എല്ലാം വിഴുങ്ങുന്ന,എല്ലാം മറയ്ക്കുന്ന....ഒരാഴക്കയം.....

കവിത ഇഷ്ടമായി.

ഷൈജു കോട്ടാത്തല said...

കറുപ്പാണ് എന്റെയും പ്രശ്നം
ഇതൊരു സാധാരണ പ്രശ്നം അല്ല
എന്ന് മനസിലാവുന്നു

Vinodkumar Thallasseri said...

തേജസ്വിനി, കണ്ണുകള്‍, ദീപ, ഷൈജു, എല്ലാവര്‍ക്കും നന്ദി.

t.a.sasi said...

“കരിങ്കൂവളമായ്‌ കടാക്ഷിക്കുന്നില്ല
കാര്‍വര്‍ണനായ്‌ പ്രണയിക്കുന്നില്ല“
നല്ല കവിത.

Unknown said...

കവിത നന്നായിരിക്കുന്നു. ഒരു മാഗസിന്‍റെ ആവശ്യത്തിന്‍ ചില വരികള്‍ അതിന്‍റെ തീവ്രത കൊണ്ട് ഞാന്‍ എടുക്കുന്നുണ്ട്